കാസർഗോഡ്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി പക്ഷാചരണം സമാപനത്തോടനുബന്ധിച്ച് തെയ്യം കലാകാരനും ഫോക്‌ലോര്‍ ആര്‍ട്ടിസ്റ്റുമായ നിട്ടോണി നാട്ടക്കലിനെ ആദരിച്ചു. നൂറു വയസ് പിന്നിട്ടിട്ടും ഊര്‍ജസ്വലതയോടെ തെയ്യം കലയുടെ കുലഗുരുവായി കഴിയുന്ന നിട്ടോണിയെ ബെള്ളൂര്‍ പഞ്ചായത്തില്‍ നാട്ടക്കല്‍ കുദുവിലെ വീട്ടിലെത്തിയാണ് ആദരിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗഡിനാട് സാഹിത്യ സാംസ്‌കാരിക അക്കാദമി, ബെള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കന്നഡ കവി ദയാനന്ദ റൈ കളുവാജെ നെട്ടോണിയെ പൊന്നാടയണിയിച്ചു.ഉപഹാരമായി തുകയും സമ്മാനങ്ങളും കൈമാറി.അമ്പതോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന തെയ്യം കലയെ കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
ചടങ്ങില്‍ അഖിലേഷ് നഗുമുഖം അധ്യക്ഷത വഹിച്ചു. പ്രഫ. ശ്രീനാഥ്, ബെള്ളൂര്‍ ജിഎച്ച്എസ്എസ് പ്രധാനാധ്യാപിക വാരിജ നെരോളു, ഗഡിനാട് സാഹിത്യ സാംസ്‌കാരിക അക്കാദമി സെക്രട്ടറി വിദ്യ ഗണേഷ് അണങ്കൂര്‍, അക്കാദമി ഭാരവാഹി നിഥിന്‍ കുമാര്‍, അധ്യാപകരായ ജലജാക്ഷി, രാഘവ, മഹേഷ് കൃഷ്ണ, തേജസ്വി, രാജേഷ്, സീനാ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.