കൊല്ലം: കയര്‍ ഭൂവസ്ത്ര ചെടിച്ചട്ടികളുമായി കൃഷിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ തീര്‍ക്കുകയാണ് നീണ്ടകര കൃഷിഭവന്‍. ഗ്രോബാഗുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന കയര്‍ നിര്‍മിത ചെടിച്ചട്ടികളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വിജയം കണ്ടത്. പരിസ്ഥിതിക്ക് കോട്ടമില്ലാതെ പച്ചക്കറികളടക്കം നട്ടുവളര്‍ത്താന്‍ കയര്‍ നിര്‍മിത ചെടിച്ചട്ടികള്‍ക്ക് ഉപകരിക്കുമെന്ന് കര്‍ഷകര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു.

പെരിനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള ചെറുമൂട് ശിവന്‍ മുക്കിലെ പകല്‍ പരിചരണ കേന്ദ്രത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കരവിരുതിലാണ് കയര്‍ ഭൂവസ്ത്രം ചെടിച്ചട്ടികളുടെ നിര്‍മാണം. പ്രത്യേക പരിശീലനം ലഭിച്ച കുട്ടികള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നെയ്‌തെടുത്ത കയര്‍ നിര്‍മിത ചെടിച്ചട്ടികള്‍ക്ക് ഒന്നിന് വില 40 രൂപയാണ്.

രണ്ടുവര്‍ഷമായി ഈ സംവിധാനം പരിചരണ കേന്ദ്രത്തില്‍ പരീക്ഷിച്ചു വരികയാണ്. വെണ്ട,  വഴുതന, തക്കാളി,  പച്ചമുളക്, കോളിഫ്‌ളവര്‍ എന്നിവ വിജയകരമായാണ് കൃഷി ചെയ്തത്. ചെടിച്ചട്ടിയില്‍ ചിതല്‍ വരാതിരിക്കാന്‍ കരിഓയില്‍ ഒഴിച്ച ശേഷമാണ് മണ്ണ് നിറക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മിച്ച ഈ കയര്‍ നിര്‍മിത ചെടിച്ചട്ടികള്‍ 170 എണ്ണമാണ് നീണ്ടകര കൃഷിഭവന്‍ വാങ്ങിയത്. അവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു കൃഷി വിജയിപ്പിക്കാനുമായി.

പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതികള്‍ക്ക് മാറ്റം വരുത്താനും കയര്‍ നിര്‍മാണ മേഖലയ്ക്ക് കൈത്താങ്ങാകാനും പുതുപരീക്ഷണത്തിനാകുമെന്ന് കൃഷി ഓഫീസര്‍ വി ജി ഹരീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ ചെടിച്ചട്ടികള്‍ വാങ്ങി കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് കൃഷി പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു. മറ്റു പഞ്ചായത്തുകളിലേക്കും ഇവ കൈമാറും.