ഗാന്ധിജിയുടെ രക്തസാക്ഷ്യത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശബരി ആശ്രമം നവീകരിക്കപ്പെടുമ്പോള്‍ ടി. ആര്‍ കൃഷ്ണസ്വാമി അയ്യര്‍ക്കും അപ്പു യജമാനനും കൂടിയുള്ള ആദരവാകുന്നു. അയിത്തോച്ചാടനം ലക്ഷ്യമിട്ടാണ് ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ ആശ്രമം സ്ഥാപിച്ചത്. ആശ്രമത്തിനായി സ്വന്തം മൂന്നര ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് അപ്പു യജമാനനാണ്.
രണ്ട് പതിറ്റാണ്ട് മാത്രം നീണ്ടുനിന്നതാണ് കൃഷ്ണസ്വാമി അയ്യരുടെ സ്വാതന്ത്ര്യസമര പോരാട്ടം. ബ്രാഹ്മണ്യം കൊടികുത്തിയ കാലത്ത് അയിത്താചരണത്തെക്കുറിച്ച് ഗാന്ധിജിയുടെ ആഹ്വാനങ്ങളില്‍ പ്രചോദിതനായാണ് മിശ്രഭോജനത്തിന് ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ നേതൃത്വം നല്‍കിയത്. തുടര്‍ന്ന് സ്വന്തം സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട പുറത്തായ കൃഷ്ണസ്വാമി അയ്യരും ഈശ്വരി അമ്മാളും വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പിന്നീട് അപ്പു യജമാനന്‍ നല്‍കിയ സ്ഥലത്ത് താത്ക്കാലിക കെട്ടിടം നിര്‍മിച്ച് സ്‌കൂള്‍ ആരംഭിച്ചു. നാനാജാതി മതസ്ഥര്‍ക്ക് ഒരുമിച്ചു കൂടുന്നതിനുള്ള ഇടമെന്ന രീതിയില്‍ 1923 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച സ്‌കൂളാണ് ഇന്ന് കാണുന്ന ശബരി ആശ്രമം.

കള്ളുഷാപ്പ് പിക്കറ്റിങ്, ഹരിജനോദ്ധാരണം, അയിത്തോച്ചാടനം, മിശ്രഭോജനം, ഹിന്ദി പ്രചാരണം, ഖാദി വിറ്റഴിക്കല്‍ എന്നിവയായിരുന്നു കൃഷ്ണസ്വാമി അയ്യരുടെ മുഖ്യ പ്രവര്‍ത്തനം. ഗാന്ധിജി മാത്രമല്ല, സരോജിനി നായിഡു, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്, ഇ എം എസ് നമ്പൂതിരിപ്പാട്  തുടങ്ങിയവരും ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.
1929 ല്‍ ശബരി ആശ്രമത്തില്‍ സമീപമുണ്ടായിരുന്ന കല്‍മാടം അയ്യപ്പക്ഷേത്രം ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുത്തത് കസ്തൂര്‍ബാ ഗാന്ധിയാണ്. ഈ നടപടിയില്‍ പ്രതിഷേധിച്ച് പൂജാരി ക്ഷേത്രം വിട്ടുപോയപ്പോള്‍ സ്ഥലം വിട്ടുകൊടുത്ത അപ്പു യജമാനന്‍ തന്നെ പൂജാരിയായി മാറിയത് ചരിത്രമായി. ശബരി ആശ്രമം അടക്കം അഞ്ച് ഏക്കര്‍ ഭൂമിയാണ് അപ്പു യജമാനനും കുടുംബവും സൗജന്യമായി നല്‍കിയത്.
പുതുതലമുറയ്ക്ക് ഗവേഷണത്തിനു പോലും ഉതകുന്ന രീതിയില്‍ ശബരി ആശ്രമം നവീകരിക്കപ്പെടുമ്പോള്‍ കൃഷ്ണസ്വാമി അയ്യരും അപ്പു യജമാനനും സമൂഹത്തിന് നല്‍കിയ സംഭാവനകളെ വീണ്ടും സ്മരിക്കപ്പെടുകയാണ്; ആദരിക്കപ്പെടുകയാണ്. ‘രക്തസാക്ഷ്യം’ സമൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി താരേക്കാട് ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ പ്രതിമയുടെ മുന്നില്‍ നിന്നും ശബരി ആശ്രമം വരെ ദീപശിഖാ പ്രയാണ ആദരവും നടക്കും.