ലോക സിനിമാസ്വാദകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലോകസിനിമ ആസ്വദിക്കുന്നതിന് താത്പര്യമുള്ളവരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുള്ള സിനിമകൾ ആധുനിക സാങ്കേതിക മികവോടെ ബിഗ് സ്‌ക്രീനിൽ കുറഞ്ഞ നിരക്കിൽ പ്രേക്ഷകരിൽ എത്തിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ മൂന്നുമാസത്തെ സ്‌ക്രീനിംഗ് നടത്തും. ജപ്പാനിലെ ഹിരോകസു കോറെ ദയുടെ ഷോപ്പ്‌ലിഫ്‌റ്റേഴ്‌സ്, ഡെൻമാർക്കിലെ ഗുസ്തവ് മൊള്ളറുടെ ദ ഗിൽറ്റി, റഷ്യയിലെ ആന്ദ്രേ വൈസ് ഗിൻസ്റ്റിവിന്റെ ലവ്‌ലെസ്, ഈജിപ്റ്റിലെ എ.ബി. ഷാക്കിയുടെ യൊമ്മഡൈൻ തുടങ്ങിയ ലോക സിനിമകളാണ് ആദ്യം പ്രദർശിപ്പിക്കുക. കാൻസ്, ബർലിൻ, സൻഡാൻസ് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടാകും.

കെ.എസ്.എഫ്.ഡി.സിയുടെ തിരുവനന്തപുരത്തെ തിയേറ്ററിൽ ഞായറാഴ്ചകളിൽ രാവിലെ 10.30നായിരിക്കും പ്രദർശനം.

താത്പര്യമുള്ളവർ ksfdcworldcinema@gmail.com ൽ പേര്, ജനനതിയതി, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം നവംബർ 15നകം രജിസ്റ്റർ ചെയ്യണം. പ്രേക്ഷകരുടെ പ്രതികരണത്തിനനുസരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. മൂന്നുമാസത്തേക്ക് 900 രൂപ മെമ്പർ ഷിപ്പ് ഫീസ് ഈടാക്കിയാവും പ്രദർശനം.