കേരളീയ കലകള്‍ക്ക് ഇന്ത്യയിലും ലോകത്തും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ സാംസ്‌കാരിക അമ്പാസഡര്‍മാര്‍ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ കലകള്‍ക്ക് ഇന്ത്യയില്‍ തന്നെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല. പല പെര്‍ഫോമന്‍സുകളും കേരളത്തിന് വെളിയില്‍ നടക്കുന്നത് പ്രവാസി സമൂഹത്തിലാണ്. കലയെ ഇതര ഇന്ത്യന്‍ സമൂഹത്തിനു മുന്നിലും ലോകത്തിനു മുന്നിലും തുറന്നു കാട്ടാനുള്ള വേദികളും അവസരങ്ങളുമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ കലകളെ ഇന്‍ഡ്യന്‍ ഫെസ്റ്റിവലുകളിലും രാജ്യത്തിനു വെളിയില്‍ ലോകസമൂഹത്തിനു മുന്നിലും അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവാസി സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് ഇത് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത് നല്ല രീതിയില്‍ നടത്തുന്നതിന് പരിശീലനം ലഭിച്ച മികവു തെളിയിച്ച കള്‍ച്ചറല്‍ അമ്പാസഡര്‍മാരെ നമുക്ക് ആവശ്യമുണ്ട്. കലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും തികഞ്ഞ മൂല്യത്തോടെ മാര്‍ക്കറ്റ് ചെയ്യാനും കഴിഞ്ഞാല്‍ ലോകസമൂഹത്തില്‍ പ്രവാസി മലയാളിയുടെ സ്ഥാനവും കേരളത്തിന്റെ സ്ഥാനവും കൂടുതല്‍ മെച്ചപ്പെടും.
കേംബ്രിഡ്ജ് പോലുള്ള പല സര്‍വകലാശാലകളിലും ധാരാളം ഇന്ത്യന്‍ ഭാഷകള്‍ പാഠ്യവിഷയമാണെങ്കിലും അവയിലൊന്നായി സ്ഥാനം പിടിക്കാന്‍ മലയാളത്തിന് കഴിഞ്ഞിട്ടില്ല. കേംബ്രിഡ്ജില്‍ മലയാളം പാഠ്യവിഷയമാക്കുന്നതിനുള്ള പ്രൊപ്പോസലുണ്ട്. ഇത്തരം പ്രൊപ്പോസലുകള്‍ വിദേശ സര്‍വകലാശാലകളുടെ രീതിയ്ക്ക് യോജിച്ച രീതിയില്‍ തയ്യാറാക്കി നല്‍കാനും വിദേശ സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കാനും കഴിയണം.