രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: ഡി.ഐ.ജി
കണ്ണൂർ: പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബി പോസിറ്റീവിന്റെ മദര്‍ പിടിഎ സംഗമം ഡിഐജി കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. മിക്ക വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമാണ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനാല്‍ വിദ്യാര്‍ഥികളുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണം. കൂടുതല്‍ മാര്‍ക്ക് വാങ്ങണമെന്ന രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ചിലപ്പോള്‍ അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാന്‍ അമ്മമാരുമായി കൈകോര്‍ത്ത് മദര്‍ പിടിഎ വീടുകളിലും പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം വീടുകളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന്റെ വശങ്ങള്‍ മിക്ക കുട്ടികളും മനസ്സിലാക്കുന്നത് അതിനാല്‍ കുടുംബ പശ്ചാത്തലം അവലോകനം ചെയ്യാനായി മാതാപിതാക്കളെയും ചേര്‍ത്ത് മദര്‍ പിടിഎ യോഗം ചേരും. വിദ്യാര്‍ഥികളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുക, ആരോഗ്യ കായിക ക്ഷമത കൈവരിക്കുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, നൈപുണി വികാസം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ സ്‌കൂളുകളില്‍ ബി പോസിറ്റീവ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ വിദ്യാലയങ്ങളിലും നൂറ് ശതമാനം വിജയം കൈവരിക്കുക എന്നതോടൊപ്പം വിദ്യാര്‍ഥികളെ കുറഞ്ഞത് ബി ഗ്രേഡ് നേടാന്‍ പ്രാപ്തരാക്കുകയും ചെയ്യും. ഇതോടൊപ്പം ഒരു വിദ്യാലയത്തില്‍ ചുരുങ്ങിയത് 20 ശതമാനമെങ്കിലും മുഴുവന്‍ എ പ്ലസ് നേടാനും പദ്ധതി ലക്ഷ്യമിടുന്നു. അധിക പഠന ക്ലാസുകള്‍, രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം, വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ്, മുകുളം മോഡല്‍ പരീക്ഷകള്‍, വീഡിയോ ക്ലാസുകള്‍, യൂണിറ്റ് പരീക്ഷ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കും.
പദ്ധതിയുടെ ഭാഗമായി അസാപുമായി സഹകരിച്ച് ജില്ലയിലെ തെരഞ്ഞെടുത്ത 23 വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് നൈപുണി വികസന പരിപാടികള്‍ സംഘടിപ്പിക്കും. പദ്ധതി പ്രകാരം കുട്ടികളിലെ ആരോഗ്യ-കായിക ക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നിവ തെരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളില്‍ നടപ്പാക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കും.
വാര്‍ഷിക പൊതുപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ മുന്‍നിര്‍ത്തി സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കും. ഇതോടൊപ്പം നവംബര്‍ മാസത്തില്‍ പത്താം ക്ലാസിനും തുടര്‍ന്ന് എട്ട്, ഒമ്പത് ക്ലാസുകള്‍ക്കും മദര്‍ പിടിഎ സംഗമം നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദേശിച്ചു.
ഡയറ്റ്, എക്‌സൈസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കും സംഗമം സംഘടിപ്പിക്കുക.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, കെ ശോഭ, ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സെക്രട്ടറി വി ചന്ദ്രന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാല്‍ കെ എം കൃഷ്ണദാസ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ രമേശന്‍ കടൂര്‍, എസ് കെ ജയദേവന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി സുലജ, അസാപ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇസ്മയില്‍ ബഷീര്‍, കണ്ണൂര്‍ ഡിഇഒ പി പി സനകന്‍, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ വി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.