കൊല്ലം: പൊതു ഇടങ്ങളിലും വഴിയിലും വീടുകള്‍ക്ക് മുന്നിലേക്കും ജലാശയങ്ങളിലേക്കുമൊക്കെ ഇനി മാലിന്യം വലിച്ചെറിഞ്ഞാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സമസ്തമേഖലകളേയും ബന്ധിപ്പിച്ച് ജില്ലയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തിയാല്‍ ദുരന്തനിവാരണ നിയമ പ്രകാരം തന്നെ കേസ് എടുക്കണമെന്ന് പൊലിസിന് നിര്‍ദ്ദേശം നല്‍കി. രണ്ടു മുതല്‍ ആറു മാസം വരെ തടവ് ശിക്ഷയോ പിഴയോ ചുമത്താവുന്ന കുറ്റമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയേണ്ടതും റിപോര്‍ട്ട് ചെയ്യേണ്ടതും.

സേഫ് കൊല്ലത്തില്‍ വൊളന്റിയര്‍മാരായി രജിസറ്റര്‍ ചെയ്യുന്നവരേയും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി വിവരം കൈമാറാന്‍ നിയോഗിക്കും. ഇവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകളും നല്‍കും. ശുചിത്വപാലനത്തിന് വിദ്യാര്‍ഥികളുടെ പങ്കാളിത്തവും ഉറപ്പാക്കും.

പരിസ്ഥിതിക്കൊപ്പം കുടിവെള്ളത്തിന്റെ സംരക്ഷണവും ആരോഗ്യസംരക്ഷണവും റോഡ് സുരക്ഷയും കുട്ടികളുടെ സംരക്ഷണവും സേഫ് കൊല്ലത്തിന്റെ ഭാഗമായി നടപ്പിലാക്കും. മാലിന്യം വലിച്ചെറിയുന്ന മാനസികാവസ്ഥയും ട്രാഫിക് നിയമലംഘന പ്രവണതയും തുടങ്ങി സ്വസ്ഥ ജീവിതത്തിന് തടസമാകുന്ന ശീലങ്ങളില്‍ നിന്ന് മുതിര്‍ന്നവരെ അകറ്റാന്‍ കുട്ടികളെ സന്ദേശവാഹകരാക്കും.

ആറു മാസത്തിനകം 20 ശതമാനം ജനങ്ങളിലേക്കെങ്കിലും സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സഹകരണം അനിവാര്യമാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, കരുനാഗപ്പള്ളി നഗരസഭാ വൈസ് ചെയര്‍മാന്‍ രവീന്ദ്രന്‍ പിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. ശോഭ, അനില്‍ എസ്. കല്ലേലില്‍, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ്, മറ്റു ജനപ്രതിനിധികള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുനലൂരിലും സേഫ് കൊല്ലം പദ്ധതി ഏകോപന യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുനലൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ രാജശേഖരന്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.സി. ബിനു, സരോജാ ദേവി, തഹസീല്‍ദാര്‍ ജി. നിര്‍മ്മല്‍ കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.