കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങൾ കൈക്കൊണ്ട നടപടികൾ റിട്ടേണിങ് ഓഫീസർ എസ്. ഷാജഹാന്റ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ വിലയിരുത്തി. വോട്ടെടുപ്പ് നടപടികൾ 95 ശതമാനം പൂർത്തിയായി.
വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് പൂർത്തിയായി
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് മഹാരാജാസ് കോളേജിൽ കഴിഞ്ഞ ദിവസം പൂർത്തിയായി. ഇവ കോളേജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി.
പോളിങ് സാമഗ്രികളുടെ വിതരണം 20ന്
പോളിങ് സാമഗ്രികൾ ബന്ധപ്പെട്ട പോളിങ് ഉദ്യോഗസ്ഥർക്ക് 20ന് വിതരണം ചെയ്യും. രാവിലെ 10ന് വിതരണം ആരംഭിക്കും.
ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം
വോട്ടു രേഖപ്പെടുത്തുന്നതിന് ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യവും പരിഗണനയും ഉറപ്പാക്കും. ഇതിന് സാമൂഹ്യനീതി വകുപ്പിനെ ചുമതലപ്പെടുത്തി.
15 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ്
വോട്ടെടുപ്പിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് 15 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിങ് നടത്തും. ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വെബ് കാസ്റ്റിങ്ങിനുള്ള പോളിങ് സ്റ്റേഷനുകൾ തീരുമാനിച്ചത്. കളക്ടറേറ്റിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ചാണ് വെബ് കാസ്റ്റിങ്ങ് നടത്തുക. ചീഫ് ഇലക്ടറൽ ഓഫീസറുടെ നിരീക്ഷണവുമുണ്ടാകും. തിരുവനന്തപുരത്തെ സർവറിലാണ് വിവരങ്ങൾ ശേഖരിക്കപ്പെടുക. ഇന്നലെ (19) യും ഇന്നു (20) മായി ട്രയൽ റൺ പൂർത്തിയാക്കും.
വോട്ടെടുപ്പ് പുരോഗതി അറിയിക്കാൻ പോൾ മാനേജർ ആപ്പ്
വോട്ടെടുപ്പിന്റെ പുരോഗതി തിരഞ്ഞെടുപ്പ് കമ്മീഷനുമായി പങ്കുവെയ്ക്കാൻ പോൾ മാനേജർ ആപ്ലിക്കേഷൻ. പോളിങ് ഓഫീസർമാരെയും സെക്ടറൽ ഓഫീസർമാരെയും പോൾ മാനേജർ ഗ്രൂപ്പിൽ ഉൾപ്പെടുത്തും. രണ്ടു ഘട്ടങ്ങളായാണ് ഈ ആപ്ലിക്കേഷനിൽ വിവരങ്ങൾ നൽകേണ്ടത്. വോട്ടെടുപ്പിനു മുമ്പുള്ള ദിവസവും വോട്ടെടുപ്പ് ദിവസവും. ആപ്ലിക്കേഷനിൽ 19 ചോദ്യങ്ങളുണ്ട്. വോട്ടെടുപ്പിനു മുമ്പുള്ള ദിവസം രണ്ട് ചോദ്യങ്ങൾക്കും വോട്ടെടുപ്പ് ദിവസം ശേഷിക്കുന്നവയ്ക്കും ആപ്ലിക്കേഷനിലൂടെ ക്രമാനുഗതം മറുപടി നൽകണം. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നതു വരെ ഓരോ മണിക്കൂർ ഇടവിട്ട് വോട്ടെടുപ്പ് പുരോഗതി രേഖപ്പെടുത്തണം. പോളിങ് ഓഫീസറാണ് ഇത് ചെയ്യേണ്ടത്. സാങ്കേതിക തകരാർ മൂലം ഇന്റർനെറ്റ് ബന്ധം ലഭിക്കാതെ വന്നാൽ പോളിങ് ഓഫീസർക്കു പകരം സെക്ടറൽ ഓഫീസർ വിവരം രേഖപ്പെടുത്തണം. ഇതിന്റെ ട്രയൽ റൺ നടത്തിയതായി ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ശ്യാമ അറിയിച്ചു.
പോളിങ് ബൂത്ത് പരിസരത്ത് കുടുംബശ്രീ ഔട്ട്ലെറ്റ്
മിതമായ നിരക്കിൽ ലഘുഭക്ഷണം നൽകാൻ പോളിങ് സ്റ്റേഷൻ പരിസരത്ത് ഔട്ട്ലെറ്റുകൾ തുറക്കാൻ കുടുംബശ്രീക്ക് നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പ് ഹരിതമയം
തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ ശുചിത്വമിഷനാണ് ചുമതല. പോളിങ് സ്റ്റേഷൻ പരിസരത്തെ ചപ്പുചവറുകൾ നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതി തടസ്സപ്പെടരുതെന്ന് കെ എസ് ഇ ബിക്ക് നിർദ്ദേശം
പോളിങ് സമയത്ത് ബൂത്തുകളിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ എസ് ഇ ബിക്ക് നിർദ്ദേശം നൽകി. ലൈനുകളിലെ അറ്റകുറ്റപ്പണികൾ പരമാവധി ആ ദിവസം ഒഴിവാക്കാനും നിർദ്ദേശിച്ചു.
മോക് പോൾ സർട്ടിഫിക്കറ്റ് എട്ടു മണിക്കു മുമ്പ്
വോട്ടെടുപ്പ് ദിവസം അഞ്ചരയ്ക്ക് മോക് പോൾ ആരംഭിക്കണം. ഏഴിന് പോളിങ് തുടങ്ങുന്നതിനു മുമ്പ് വോട്ടിങ് മെഷീനിൽ മോക് പോൾ സ്റ്റാറ്റസ് ‘സീറോ’ ആയി സെറ്റ് ചെയ്യണം. പോളിങ് തുടങ്ങി ഒരു മണിക്കൂറിനു മുമ്പ് സെക്ടറൽ ഓഫീസർമാർ മോക് പോൾ സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
കൺട്രോൾ റൂം 24 മണിക്കൂറും
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും സംശയങ്ങൾ ചോദിക്കുന്നതിനുമുള്ള 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം തുടരുന്നു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികളാണ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്.
സുവിധ വഴി 89 അനുമതികൾ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങൾ, ജാഥകൾ തുടങ്ങിയവക്ക് അംഗീകാരം നൽകുന്നതിനുള്ള സുവിധ ആപ്ലിക്കേഷൻ വഴി 89 അനുമതികളാണ് ഇക്കുറി ലഭ്യമാക്കിയത്.
പൊതുനിരീക്ഷക മാധ്വി കടാരിയ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രേണു തുടങ്ങിയവരും സെക്ടറൽ ഓഫീസർമാരടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സുരക്ഷാ നടപടികൾ വിലയിരുത്തി
കാക്കനാട് :വോട്ടെടുപ്പിന്റെ വിവിധ മേഖലകളിൽ പോലീസ് കൈക്കൊണ്ട സുരക്ഷാ നടപടികൾ ഐ.ജി. വിജയ് സാഖറേ പൊതു നിരീക്ഷക മാധ്വി കടാരിയയോട് വിശദീകരിച്ചു. പോളിങ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഒരുക്കിയ സുരക്ഷ, ക്രമസമാധാന പാലനത്തിന് കൈക്കൊണ്ട നടപടികൾ, വോട്ടെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും കൈക്കൊള്ളുന്ന സുരക്ഷാ നടപടികൾ, ഗതാഗത നിയന്ത്രണം തുടങ്ങിയവ വിശദീകരിച്ചു.
ജില്ലാ കളക്ടര്‍ എസ്. സുഹാസ്, അസി. കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രേണു, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലി എന്നിവരും പങ്കെടുത്തു.