കോന്നി ഉപതെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മണ്ഡലത്തിലെ വിതരണ കേന്ദ്രവും സ്‌ട്രോംഗ് റൂമും കൗണ്ടിംഗ് സെന്ററുമായ എലിയറയ്ക്കല്‍ അമൃത വി എച്ച് എസ് എസിലെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
212 ബൂത്തുകളിലേക്കുമുള്ള എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുമുള്ള പോസ്റ്റിംഗും ഇന്ന്(20)രാവിലെയാണ് നല്‍കുക. 19 കൗണ്ടറുകളില്‍ നിന്നും പോളിംഗ് ബൂത്തുകളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികള്‍ ശേഖരിച്ചുകൊണ്ടു പോകുവാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ ബൂത്തിലേക്കും പ്രത്യേക വാഹനങ്ങള്‍ ഉള്‍പ്പടെ 82 വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
212 ബൂത്തുകളിലേക്കായി 25 സെക്ടറല്‍ ഓഫീസര്‍മാരേ ജിപിഎസ് ഘടിപ്പിച്ച വാഹനമുള്‍പ്പെടെ തയ്യാറാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളിലെല്ലാം ബൂത്തുകളില്‍ പ്രശ്‌നമുണ്ടായാല്‍ നല്‍കാനുള്ള അഡീഷണല്‍ യന്ത്രങ്ങള്‍ ഉള്‍പ്പടെയുണ്ടാകും. 20ന് രാവിലെ എട്ടിന് ആരംഭിക്കുന്ന വിതരണം ഉച്ചയ്ക്ക് 12ന് അവസാനിക്കും. മണ്ഡലത്തിലെ ഏറ്റവും ദൂരം കൂടിയ ആവണിപ്പാറ, ഗവി, കൊച്ചു പമ്പ, മൂഴിയാര്‍ തുടങ്ങിയ ബൂത്തുകളിലേക്കാണ് ആദ്യം വിതരണം നടത്തുക.
പ്രചാരണ സമയം അവസാനിച്ചതിനാല്‍ മണ്ഡലത്തിനു പുറത്തുനിന്നും വന്നിട്ടുള്ള വിവിധ പാര്‍ട്ടി പ്രവൃത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കുവാന്‍ എക്‌സൈസ്, പോലീസ് എന്നിവരുടെ അഡീഷണല്‍ സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
212 ബൂത്തില്‍ 48 ബൂത്തുകളില്‍ അഡീഷണല്‍ മൈക്രോ ഒബ്‌സര്‍ വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 26 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവയുടെ ദൃശ്യങ്ങള്‍ വീക്ഷിക്കുവാന്‍ സ്‌കൂളില്‍ കണ്‍ട്രോള്‍ റൂം സജീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസമുണ്ടാകുന്ന ഏതു പ്രശ്‌നവും ഉടനടി പരിഹരിക്കാനുള്ള സംവിധാനമാണ് കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുള്ളതെന്ന് കളക്ടര്‍ പറഞ്ഞു.
വരണാധികാരിയും എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടറുമായ എം.ബി ഗിരീഷ്, കോന്നിതഹസില്‍ദാര്‍ കെ.എസ് നസിയ, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി ഗംഗാധരന്‍ തമ്പി തുടങ്ങിയവരും പങ്കെടുത്തു.