മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കടലോര നിരീക്ഷണത്തിനുള്ള ബോട്ടുകളുടെ പട്രോളിങ് ആരംഭിച്ചു. പട്രോളിങിന്റെ ഫ്‌ളാഗ് ഓഫ് മഞ്ചേശ്വരം തുറമുഖത്ത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വ്വഹിച്ചു. എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ കമല്‍ജിത്ത് കെ കമല്‍, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി ആര്‍ രാധിക, അഡീഷണല്‍ തഹസില്‍ദാര്‍ റെജി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റവന്യു-പോലീസ് വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 24 മണിക്കൂര്‍ ബോട്ട് പട്രോളിങ്  ഒക്‌ടോബര്‍ 21 വൈകുന്നേരം ആറുമണി വരെ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണം, മദ്യം, സമ്മാനങ്ങള്‍ എന്നിവ കടത്തുന്നതിനെതിരെയും വോട്ടടുപ്പുമായി ബന്ധപ്പെട്ട മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ആണ് പട്രോളിങ് നടത്തുന്നത്. കുമ്പള മുതല്‍ മഞ്ചേശ്വരം തുറമുഖം വരെയും മഞ്ചേശ്വരം തുറമുഖം മുതല്‍ തലപ്പാടി വരെയുമുള്ള കടലോരത്ത് രണ്ട് ബോട്ടുകളിലായാണ് പട്രോളിങ് നടത്തുക. കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് പോലീസുകാരും, രണ്ട് റവന്യൂ ജീവനക്കാരും, മൂന്ന് തൊഴിലാളികളുമടക്കം എട്ടു പേര്‍ വീതം ഓരോ ബോട്ടിലുമുണ്ടാകും.

മുഴുവന്‍  ബൂത്തുകളിലും വീഡിയോ റെക്കോഡിങ് 

ഒക്‌ടോബര്‍ 21ന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ  ഉപതെരഞ്ഞെടുപ്പില്‍  എല്ലാ  ബൂത്തുകളിലെയും വോട്ടെടുപ്പ് വീഡിയോ റെക്കോഡിങ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. തെരഞ്ഞടുപ്പ് പ്രചരണത്തിനെത്തിയ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടര്‍മാര്‍  അല്ലാത്തവര്‍ മണ്ഡലം വിട്ടു പോകേണ്ടതാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
മഞ്ചേശ്വരം മണ്ഡലത്തില്‍ മദ്യം പണം എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ ആളുകള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളില്‍   വെള്ളരിക്കുണ്ട് ഹോസ്ദുര്‍ഗ്ഗ്, കാസര്‍കോട് താലൂക്കുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ നിരീക്ഷണം തുടരും.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: 11 രേഖകളില്‍ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാംമഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ സമ്മതിദാന അവകാശം വിനിയേഗിക്കാന്‍ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍,ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ സാധിക്കൂവെന്ന്  ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു അറിയിച്ചു.
പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്,ഫോട്ടോ പതിച്ച കേന്ദ്ര-സംസ്ഥാന പബ്ലിക് സെക്ടര്‍ അണ്ടര്‍ടെക്കിങ്ങ്,പബ്ലിക് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്കോ, പോസ്റ്റോ ഓഫീസോ നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കിന്റേത് ഒഴികെ) പാന്‍കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍  പ്രകാരം ആര്‍ ജി ഐ നല്‍കിയ സ്മാര്‍ട് കാര്‍ഡ്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ കാര്‍ഡ്,തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്,ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ,എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവയാണ് ഈ 11 രേഖകള്‍.

പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് മൊബൈല്‍ ഫോണും ഇലക്‌ട്രോണിക് സാമഗ്രികളും അനുവദിക്കില്ല

മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ് നടക്കുന്ന ഒക്‌ടോബര്‍ 21 ന്  പോളിങ് ബൂത്തിന്റെ  100 മീറ്റര്‍ പരിധിക്കകത്ത് പോളിങ് ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ ഫോണും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും കൊണ്ടുവരരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍  കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. നിര്‍ദേശം ലംഘിച്ച് ആരെങ്കിലും പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് ഇത്തരം  ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ ബൂത്തിന്റെ ചുതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ഇത് പിടിച്ചെടുക്കും.
വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച വ്യക്തികള്‍ക്കും മാത്രമേ  പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്കകത്ത് പ്രവേശനം ഉള്ളൂ. ഈ പരിധിക്കകത്ത് സ്വകാര്യ വാഹനങ്ങളെയെന്നും കടത്തിവിടില്ല. ഈ പരിധിക്കുള്ളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഒരു തരത്തിലുള്ള പ്രവൃത്തിയും അനുവദിക്കില്ല .
പോളിങ് ബൂത്തിന്റെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടില്ല. 200 പരിധിക്ക് പുറത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്തുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ പൊതുസ്ഥലത്ത് സ്ഥാനാര്‍ത്ഥിയുടെയോ, പാര്‍ട്ടിയുടെയോ ചിഹ്നമോ കൊടിയോ തോരണങ്ങളോ നാട്ടരുത്.വോട്ടര്‍ ആവശ്യപ്പെടുകയും പ്രിസൈഡിങ് ഓഫീസര്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രമേ സഹായിയെ (കംപാനിയന്‍) അനുവദിക്കൂ. സഹായിയായി വരുന്നവര്‍ സ്വന്തം വോട്ട് രേഖപ്പെടുത്താന്‍  ക്യൂ പാലിക്കണം. ഒരാളെ ഒന്നില്‍ കൂടുതല്‍ പേരുടെ സഹായിയാവാന്‍ അനുവദിക്കുന്നതല്ല. സഹായിയുടെ വലത് ചുണ്ടുവിരലില്‍ മഷി അടയാളം രേഖപ്പെടുത്തും.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേകം ക്യൂ പാലിക്കേണ്ടതില്ല.

ഏതെങ്കിലും സാഹചര്യത്തില്‍ ആറ് മണികഴിഞ്ഞും വോട്ടെടുപ്പ് നീണ്ടാല്‍ പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട ടോക്കണ്‍ വിതരണം ചെയ്യും. ടോക്കണ്‍ കൈപ്പറ്റിയ വോട്ടര്‍മാര്‍ വോട്ടവകാശം വിനിയോഗിച്ചതിനുശേഷമേ പോളിങ് ബൂത്ത്  വിട്ടുപോകാന്‍ പാടുള്ളൂ.