ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം

ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പാപ്പനംകോട് എൻജിനിയറിംഗ് കോളേജിൽ നടന്ന സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പമാണ് വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്.

വിശദമായ ഭൂപടങ്ങളുടെ ആവശ്യകത കഴിഞ്ഞ രണ്ടു തവണത്തെയും പ്രളയകാലത്ത് ബോധ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുവട്ടത്തിന്റെ വിശദാംശങ്ങൾ ആവശ്യാനുസരണം പരിശോധിക്കുന്നതിനും പ്രാദേശികമായ സ്ഥലാധിഷ്ഠിത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഇത് ആവശ്യമാണ്.

പ്രളയജലത്തെ വേഗത്തിൽ വഴിതിരിച്ചുവിടാവുന്ന മാർഗങ്ങളേതാണ്, ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനാകുന്നവിധം പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാവുന്ന വഴികളേതാണ്, ഓർക്കാപ്പുറത്ത് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താവുന്ന ബദൽ മാർഗങ്ങളേതാണ് എന്നിവയൊക്കെ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയണം. അതിന് ഇത്തരത്തിലുള്ള ഭൂപടം ആവശ്യമാണ്.

പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രാദേശിക ഭൂപടമുണ്ടെങ്കിൽ രക്ഷാപ്രവർത്തനങ്ങൾ എളുപ്പത്തിലാകും. സുരക്ഷയുടെ വീക്ഷണകോണിൽ നിന്നു നോക്കിയാൽ വളരെ പ്രധാനമാണിത്. സാഹചര്യങ്ങളിൽ പകച്ചുനിൽക്കുന്ന തദ്ദേശവാസികളുടെ ഊഹാപോഹങ്ങളെയല്ല, സൂക്ഷ്മമായി അടയാളപ്പെടുത്തപ്പെട്ട പ്രാദേശിക ഭൂപടത്തെയാണ് ആശ്രയിക്കേണ്ടത്.

ഓപ്പൺ സ്ട്രീറ്റ് മാപ്പ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയാണ് മാപ്പത്തോൺ കേരള ഭൂപടം തയ്യാറാക്കുക. സംസ്ഥാന ഐടി മിഷനും നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തകരും പദ്ധതിയിൽ കൈകോർക്കുന്നു. തുടർഘട്ടങ്ങളിൽ തങ്ങളുടെ പ്രദേശത്തെ വിശദവിവരങ്ങൾ ഭൂപടത്തിലേക്ക് ചേർക്കുന്നതിന് സന്നദ്ധ സേവനം നൽകാൻ തയ്യാറുള്ള ഏതൊരാൾക്കും ഇതിൽ പങ്കാളിയാകാനാകും.

വിദ്യാർഥികൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള തൊഴിലാളികളും സാമൂഹിക സംഘടനാ പ്രവർത്തകരും നവകേരള നിർമാണത്തിൽ തത്പരരായ മുഴുവൻ കേരളീയരും ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കമ്യൂണിറ്റി സ്‌കിൽ പാർക്കുകളേയും നൂതനമായ ടെലി പ്രസൻസ് സാങ്കേതികവിദ്യാ ശൃംഖലയാൽ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ എൻജിനിയറിങ്, ഡിസൈൻ, ശാസ്ത്ര സാങ്കേതികവിദ്യാ രംഗങ്ങളിലെ നൈപുണ്യ വികസന പരിശീലന പരിപാടികൾ സ്ഥിരമായി നടത്തുകയാണ് സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോമിലൂടെ ഉദ്ദേശിക്കുന്നത്.

ബിരുദധാരികളായി പുറത്തിറങ്ങുന്ന കുട്ടികൾക്ക് പരിശീലനങ്ങളിലൂടെ നൈപുണ്യ മികവ് നേടാനും കൂടുതൽ മികച്ച തൊഴിൽ ലഭ്യത ഉറപ്പാക്കാനുമാകും. ഒരേസമയം നൂറ്റിയമ്പതോളം സ്ഥാപനങ്ങളിൽ നിന്നുള്ള ഒമ്പതിനായിരത്തോളം വിദ്യാർഥികൾക്ക് ഈ ശൃംഖലയിലൂടെയുള്ള പരിശീലന പരിപാടികളിൽ പങ്കെടുക്കാനാകും.

അടുത്ത മൂന്നുനാലു വർഷം കൊണ്ട് അമ്പതിനായിരത്തിലേറെ വിദ്യാർഥികൾക്കു പരിശീലനം നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിന്റെ സംരംഭമായ ‘കോക്കോണിക്‌സ്’ ഉദ്പാദിപ്പിക്കുന്ന ലാപ്‌ടോപ് കമ്പ്യൂട്ടറുകളാണ് സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയിൽ ഉപയോഗപ്പെടുത്തുക എന്നതും ഇതിന്റെ സവിശേഷതയാണ്.

സംസ്ഥാന ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്ഥാപനവും ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്‌നോളജി അക്കാദമിയുമാണ് സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം കേരള നടപ്പിലാക്കുന്നത്.

യൂണിവേഴ്‌സിറ്റികളുമായും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വിദ്യാർഥികളുടെ പങ്കാളിത്ത സൗകര്യമൊരുക്കുന്നത് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം ആണ്. ഇലിനോയിസ് സർവകലാശാല, ഐ എസ് ആർ ഒ, ഇന്റൽ തുടങ്ങിയവരുമായി ഇതിനാവശ്യമായ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒ. രാജഗോപാൽ എം. എൽ. എ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസ്, അസാപ് സി. ഇ. ഒ ഡോ. വീണ എൻ. മാധവൻ, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോ. ഡയറക്ടർ ഡോ. സിസ തോമസ്, ശ്രീചിത്ര എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. പ്രഭാകരൻ നായർ എന്നിവർ സംബന്ധിച്ചു.