വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം.എം.സി. ഖമറുദ്ദീന്‍ ,രവീശ തന്ത്രി കുണ്ടാര്‍ ,എം. ശങ്കര്‍ റൈ മാസ്റ്റര്‍  ,ഗോവിന്ദന്‍ ബി. ആലിന്‍താഴെ ,കമറുദ്ദീന്‍ എം സി. S/O മൊയ്തീന്‍  ,ജോണ്‍ ഡിസോസ. ഐ, രാജേഷ്. ബി എന്നിവരാണ് മത്സരിച്ച ഏഴ് പേര്‍
പൈവളിഗെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വടക്കെയറ്റത്തുളള കെട്ടിടത്തിലാണ് വോട്ടെണ്ണല്‍ കേന്ദ്രം ഒരുക്കിയിരുന്നത്. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.മണ്ഡലത്തിലെ  ആകെ വോട്ടര്‍മാര്‍ 214779 ആണ്. ഇവരില്‍  162750 പേര്‍ വോട്ട് ചെയ്തു.ഇതില്‍  86558 പേര്‍ സ്ത്രീകളും 76192 പേര്‍ പുരുഷന്‍മാരും ആണ്
വോട്ടണ്ണല്‍ കേന്ദ്രത്തില്‍ 12 ടെബിളാണ് ക്രമീകരിച്ചിരിക്കുന്നത്്. ഒരു ടേബിളില്‍ സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍ എന്നിവര്‍ ഉണ്ടാകും. ഒരോ ടേബിളിലും സ്ഥാനാര്‍ത്ഥികളുടെ ഒരു ഏജന്റ് വീതവും  ഉണ്ടാകും.
. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരി,  ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാര്‍ത്ഥികള്‍ എന്നിവരും  ഉണ്ടാകും.
ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.  17 റൗണ്ടുകളിലായാണ് വോട്ട് എണ്ണുന്നത്. ഓരോ റൗണ്ടും പൂര്‍ത്തിയായാല്‍ വരണാധികാരിയുടെ  അംഗീകാരത്തോടെ ഡാറ്റ എന്‍ട്രി നടത്തും. പൊതുജനങ്ങള്‍ക്ക് വോട്ടണ്ണെല്‍ നില തല്‍സമയം അറിയുന്നതിനും  സൗകര്യമെരുക്കിയിട്ടുണ്ട്. results.eci.gov.in,trend.kerala.gov.in എന്നീ, വെബ്‌സൈറ്റിലൂടെ ഫലം തത്സമയം അറിയുവാന്‍ കഴിയും.

വിവിപാറ്റ് സ്ലിപ്പുകള്‍ ഒടുവില്‍ എണ്ണും

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടണ്ണെലില്‍ 198 ബൂത്തുകളിലെയും വോട്ടുകള്‍ എണ്ണിയതിന് ശേഷമാകും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. നറുക്കെടുപ്പലൂടെ  തെരഞ്ഞെടുക്കുന്ന  അഞ്ച് വോട്ടിങ് മെഷീനിലെ  വിവിപാറ്റ് സ്ലിപ്പുകളാണ് എണ്ണുക. സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ റിട്ടേണിങ് ഓഫീസര്‍ ആയിരിക്കും നറുക്കെടുപ്പ് നടത്തുക.
പോസ്റ്റല്‍ വോട്ട് ഇല്ല, സര്‍വീസ് വോട്ട് 4
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍  ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ ഇല്ല. സര്‍വീസ് വോട്ട് ( ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍  ബാലറ്റ് സിസ്റ്റം) നാലെണ്ണം ലഭിച്ചു.

കൗണ്ടിങ് ഏജന്റുമാര്‍ ഏഴിനകം റിപ്പോര്‍ട്ട് ചെയ്യണം

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളിഗെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് രാവിലെ ഏഴിനകം കൗണ്ടിങ് ഏജന്റുമാര്‍  റിപ്പോര്‍ട്ട് ചെയ്യണം.

തെരഞ്ഞെടുപ്പ് ഫലം തത്സമയം  അറിയിക്കാന്‍ മീഡിയ സെന്ററും

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വോട്ടെണ്ണല്‍ പുരോഗതി തത്സമയം വിലയിരുത്താന്‍  മീഡിയ സെന്റര്‍ ഒരുങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പൈവളികെ നഗര്‍ ജിഎച്ച്എസ്എസിലാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.  24 രാവിലെ എട്ടു മുതല്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും.
മീഡിയ സെന്ററില്‍ ഒരുക്കിയിട്ടുള്ള വലിയ സ്‌ക്രീനില്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം മാധ്യമപ്രവര്‍ത്തകര്‍ക്ക്  കാണാം. അമ്പതോളം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരുന്ന് തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍:
കര്‍ശന സുരക്ഷ ഒരുക്കി പോലിസ് 

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കര്‍ശന സുരക്ഷ ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.  സുരക്ഷയുടെ ഭാഗമായി കാസര്‍കോട് പോലിസ് സബ്ഡിവിഷണല്‍ പരിധിയില്‍ ശക്തമായ പോലിസ് സാന്നിധ്യം സജ്ജീകരിച്ചിട്ടുണ്ട്.  ഇതിലേക്കായി ജില്ലാ പോലിസിനെ പുറമെ ഇന്‍ഡ്യന്‍ റിസര്‍വ്, ആംഡ് ബറ്റാലിയില്‍ എന്നിവിടങ്ങില്‍ നിന്നും നാല് കമ്പനി പോലീസിനെകൂടി നിയോഗിച്ചു.  ഇവരെ, ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട് വിദ്യാനഗര്‍ എന്നീ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിയോഗിക്കും.വോട്ടെണ്ണല്‍ കേന്ദ്രത്തിലും പോലിസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും.

വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താവൂ: ജില്ലാ പോലിസ് മേധാവി

മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച രാഷ്ട്രീയ കക്ഷിക്ക് മാത്രമേ ആഹ്ലാദ പ്രകടനം നടത്താന്‍ അനുവാദം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.പോലിസ് നിശ്ചയിക്കുന്ന റൂട്ടുകളിലുടെ മാത്രമേ പ്രകടനം നടത്താന്‍ പാടുള്ളു.യാതൊരു കാരണവശാലും വൈകുന്നേരം ആറു മണിക്ക് ശേഷം പ്രകടനം നടത്താന്‍ പാടില്ല.പ്രകടനങ്ങള്‍ക്ക് പോലിസിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം
ഗുഡ്‌സ്‌കാരേജ് വാഹനങ്ങള്‍, ഓപ്പണ്‍ ലോറികള്‍ തുടങ്ങിയവയില്‍ ആള്‍ക്കാരെ കൊണ്ടുപോകുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും അനുവദനീയമല്ല. അത്തരം വാഹനങ്ങളുടെ പെര്‍മ്മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.ആഹ്‌ളാദപ്രകടനങ്ങള്‍ അതിരുകവിയാന്‍ പാടില്ല.
പ്രകടനത്തിനിടെയോ, മറ്റോ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.ഗതാഗത തടസ്സവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാകാന്‍ ഇടവരാത്ത രീതിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.മോട്ടോര്‍ സൈക്കിള്‍ റാലി അനുവദനീയമല്ല.

ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് മംഗല്‍പ്പാടി പഞ്ചായത്തില്‍


കുറവ് പുത്തിഗെയില്‍
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് മംഗല്‍പ്പാടി പഞ്ചായത്തില്‍. 40,537 വോട്ടര്‍മാരുള്ളതില്‍ 13,040 പുരുഷന്മാരും 16,609 സ്ത്രീകളുമുള്‍പ്പെടെ 29,649 പേരാണ് വോട്ട് ചെയ്തത്. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ബൂത്തുകളും (34 ബൂത്തുകള്‍) വോട്ടര്‍മാരുമുള്ള പഞ്ചായത്താണിത്. ക്രമനമ്പര്‍ പ്രകാരം 67 മുതല്‍ 101 വരെയുള്ള ബൂത്തുകളാണ് ഈ പഞ്ചായത്തിലുള്ളത്.
പിന്നീട് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തത് കുമ്പള പഞ്ചായത്തിലാണ്. 37,688 വോട്ടര്‍മാരില്‍ നിന്നും 15,156 സ്ത്രീകളും 12,785 പുരുഷന്മാരുമുള്‍പ്പെടെ 27,941 പേരാണ് വോട്ട് ചെയ്തത്.  മണ്ഡലത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്തിനാണ്. 126 മുതല്‍ 160 വരെയുള്ള 34 ബൂത്തുകളാണ് ഇവിടെയുള്ളത്.
മഞ്ചേശ്വരം പഞ്ചായത്തിലെ 32,056 വോട്ടര്‍മാരില്‍ 9336 പുരുഷന്മാരും 12,796 സ്ത്രീകളുമുള്‍പ്പെടെ 22,132 പേര്‍ വോട്ട് ചെയ്തു. ഒന്നു മുതല്‍ 29 വരെയുള്ള ബൂത്തുകളാണ് ഇവിടെയുള്ളത്.
പൈവളികെ പഞ്ചായത്തില്‍ 26,666 വോട്ടര്‍മാരില്‍ 10,850 സ്ത്രീകളും 9,648 പുരുഷന്മാരുമുള്‍പ്പെടെ 20,498 പേര്‍ വോട്ട് ചെയ്തു. 102 മുതല്‍ 125 വരെയുള്ള 23 ബൂത്തുകളാണ് ഇവിടെയുള്ളത്.
എന്‍മകജെ പഞ്ചായത്തിലെ 21,945 വോട്ടര്‍മാരില്‍ 8521 പുരുഷന്മാരും 8471 സ്ത്രീകളുമുള്‍പ്പെടെ 16,992 പേര്‍ വോട്ട് ചെയ്തു. 178 മുതല്‍ 198 വരെയുള്ള 20 ബൂത്തുകളാണ് ഇവിടെയുള്ളത്.
വോര്‍ക്കാടി പഞ്ചായത്തിലെ 19,812 വോട്ടര്‍മാരില്‍ 8119 സ്ത്രീകളും 7552 പുരുഷന്മാരുമുള്‍പ്പെടെ 15,671 പേര്‍ വോട്ട് ചെയ്തു. 30 മുതല്‍ 47 വരെയുള്ള 17 ബൂത്തുകളാണിവിടെയുള്ളത്.
മീഞ്ച പഞ്ചായത്തിലെ 18,738 വോട്ടര്‍മാരില്‍ 7,470 സ്ത്രീകളും 7153 പുരുഷന്മാരുമുള്‍പ്പെടെ 14,623 പേര്‍ വോട്ട് ചെയ്തു. 48 മുതല്‍ 66 വരെയുള്ള 18 ബൂത്തുകളാണ് ഇവിടെയുള്ളത്.
പുത്തിഗെ പഞ്ചായത്തില്‍ 17,337 വോട്ടര്‍മാരില്‍ 7087 സ്ത്രീകളും 6263 പുരുഷന്മാരുമടക്കം 13,350 പേര്‍ വോട്ട് ചെയ്തു. 161 മുതല്‍ 177 വരെയുള്ള 16 ബൂത്തുകളാണ് ഇവിടെയുള്ളത്. മണ്ഡലത്തില്‍ പുത്തിഗെയിലാണ് ഏറ്റവും കുറവ് വോട്ട് ചെയ്തവരും കുറവ് ബൂത്തുകളുമുള്ളത്.

എണ്ണത്തില്‍ പുരുഷന്മാര്‍ മുന്നില്‍;
പക്ഷെ വിധി നിര്‍ണയിക്കുക സ്ത്രീ വോട്ടര്‍മാര്‍

വോട്ടര്‍മാരുടെ എണ്ണത്തില്‍ പുരുഷന്മാരാണ് മുന്നിലെങ്കിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരായിരിക്കും വിധി നിര്‍ണയിക്കുക. പുരുഷന്മാരേക്കാള്‍ 10,336 കൂടുതല്‍ സ്ത്രീകളാണ് തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ 86,558 സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍  76,192 പുരുഷന്മാരാണ് വോട്ട് രേഖപ്പെടുത്തിയത്. മണ്ഡലത്തില്‍ ആകെ 2,14,779 വോട്ടര്‍മാരുണുള്ളത്. ഇവരില്‍ 1,07,851  പേര്‍ പുരുഷന്‍മാരും 1,06,928 പേര്‍   സ്ത്രീകളും ആണ്. ഏറ്റവും കൂടുതല്‍ (16,609) സ്ത്രീ വോട്ടര്‍മാരെത്തിയത് മംഗല്‍പ്പാടി പഞ്ചായത്തിലാണ്. ഇവിടെ പുരുഷന്‍മാരേക്കാള്‍ 3569 സ്ത്രീകളാണ് കൂടുതലായി വോട്ട് ചെയ്തത്. മഞ്ചേശ്വരത്ത് 9336 പുരുഷന്‍മാര്‍ വോട്ടിനെത്തിയപ്പോള്‍ ഇതിനേക്കാള്‍ കൂടുതലായി 3460 സ്ത്രീകള്‍ വോട്ട് ചെയ്തു.  കുമ്പളയില്‍ പുരുഷന്മാരേക്കാള്‍ 3460 സ്ത്രീകള്‍ അധികമായി വോട്ട് ചെയ്തു. എന്‍മകജെ പഞ്ചായത്തിലൊഴികെ മണ്ഡലത്തിലെ ബാക്കിയെല്ലാ പഞ്ചായത്തുകളിലും പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതല്‍ വോട്ട് ചെയ്തത്.