പട്ടികജാതി വികസന വകുപ്പിൽ മൂന്ന് പുതിയ പദ്ധതികൾ ആരംഭിച്ചു- മന്ത്രി എ. കെ.ബാലൻ

*പട്ടികജാതി വികസന പദ്ധതികൾ സംബന്ധിച്ച ഉപദേശകസമിതി യോഗം ചേർന്നു

ഭവനനിർമ്മാണ പദ്ധതിയിലൂടെയുള്ള ധനസഹായം വഴിയോ സ്വന്തമായോ നിർമ്മാണം നടത്തിയിട്ടും പൂർണ്ണമാകാത്ത പട്ടികജാതി കുടുംബങ്ങളുടെ വീടുകൾ പൂർത്തീകരിക്കുന്നതിന് ധനസഹായം നൽകുന്ന ഭവന പൂർത്തീകരണ പദ്ധതിയുൾപ്പെടെ വകുപ്പിൽ ഈ വർഷം മൂന്ന് പദ്ധതികൾ ആരംഭിച്ചതായി പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ. തൈക്കാട് ഗസ്റ്റ്ഹൗസിൽ പട്ടികജാതി വികസന പദ്ധതികൾ സംബന്ധിച്ച ഉപദേശകസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഭവന പൂർത്തീകരണത്തിനായി ഒന്നര ലക്ഷം രൂപ വരെ ധനസഹായം നൽകും. ഇതിലേക്കായി ലഭിച്ച 72000 ത്തിലധികം അപേക്ഷകളുടെ പരിശോധന നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്ത വിദ്യരായിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിനായി നൈപുണ്യവികസനമാണ് മറ്റൊരു സുപ്രധാന പദ്ധതി. ഹോട്ടൽമാനേജ്‌മെന്റ് മേഖലയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും. സംസ്ഥാനത്ത് സ്ഥാപിച്ച രണ്ടു ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഇതിനായുള്ള പരിശീലനം നൽകും.

തൊഴിൽ സാധ്യതയേറെയുള്ള മാധ്യമമേഖലയിലേക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേകം പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
ചെറുകിട ഉല്പന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്താനുള്ള പദ്ധതിയ്ക്കും തുടക്കമായി. പരമ്പരാഗത ഉല്പന്നങ്ങളും വന ഉല്പന്നങ്ങളും ഓൺലൈനിലൂടെ വർഷം മുഴുവൻ വില്പന നടത്തുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പഠനമുറി പദ്ധതി, വിവാഹ ധനസഹായം, ചികിത്സാ സഹായം, ഇൻഷുറൻസ് പദ്ധതി, വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ വിതരണം തുടങ്ങിയവയെല്ലാം പോരായ്മകളില്ലാതെ നടപ്പാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഡെപ്യൂട്ടി സ്പീക്കർ വി.ശശി, കെ.സോമപ്രസാദ് എം. പി., പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് ഡയറക്ടർ ശ്രീവിദ്യ പി. ഐ., എം. എൽ. എ.മാരായ ബി. സത്യൻ, യു. ആർ. പ്രദീപ്, പുരുഷൻ കടലുണ്ടി, ആർ. രാജേഷ്, വി. പി. സജീന്ദ്രൻ, മുൻസ്പീക്കർ കെ. രാധാകൃഷ്ണൻ, യു. സി. രാമൻ, പുന്നല ശ്രീകുമാർ, ഇ. ഗംഗാധരൻ, എ. കെ. ബാബു, ബീനാ രമേശൻ, ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.