പകരം ഇരട്ടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
കാസർഗോഡ്: മരങ്ങളും ചില്ലകളും വീണ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെര്‍ക്കള-ജാല്‍സൂര്‍ പാതയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നത് ആരംഭിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തെ തുടര്‍ന്നാണ് മരങ്ങളും ചില്ലകളും നീക്കം ചെയ്യുന്നത്.
കര്‍മ്മന്തൊടി മുതല്‍ ആദൂര്‍ വരെയുള്ള പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ചില്ലകളും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ മുറിച്ചു മാറ്റി.
വനംവകുപ്പ്, കെഎസ്ഇബി വിഭാഗങ്ങളുടെ സഹകരണത്തോടെ പാതയോരത്ത് അപകടഭീഷണി ഉയര്‍ത്തുന്ന അമ്പതോളം അക്വേഷ്യാ മരങ്ങളും ഇരുനൂറോളം മരങ്ങളുടെ ചില്ലകളുമാണ് ഒഴിവാക്കുന്നതിനായി കണ്ടെത്തിയിട്ടുള്ളത്. മുറിച്ചു മാറ്റുന്ന ഓരോ മരത്തിനും പകരമായി രണ്ട് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. നാളെയോടെ (30) മുറിച്ചു മാറ്റല്‍ പൂര്‍ത്തീകരിക്കും.