ജില്ലാതല ഉദ്ഘാടനം റവന്യു മന്ത്രി നിര്‍വ്വഹിക്കും
കാസർഗോഡ്: ഔദ്യോഗിക ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ ജില്ലാ-താലൂക്ക്-പഞ്ചായത്ത് തലങ്ങളില്‍ ഭരണഭാഷ-മാതൃഭാഷ ചര്‍ച്ചകളും സെമിനാറുകളും മത്സരങ്ങളും നടത്തും.
ജില്ലാതല ഉദ്ഘാടനം നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 2.30 ന് കാഞ്ഞങ്ങാട് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. വാരാചരണം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറും ജില്ലാതല ഉദ്യോഗസ്ഥര്‍ എക്‌സിക്യുട്ടീവ് അംഗങ്ങളുമായി സംഘാടക സമിതി രൂപീകരിച്ചു.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്.
നവംബര്‍ മാസത്തിലെ ആദ്യത്തെ പ്രവര്‍ത്തി ദിവസം മലയാള ദിനാഘോഷവും നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ ജില്ലാ തലത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.. ജില്ലാതല പരിപാടികളുടെ ഭാഗമായി ഓഫീസുകളില്‍ ഭരണഭാഷാ പ്രതിജ്ഞയും, സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞയും, മലയാള സമ്മേളനം, ഭരണഭാഷ പുരസ്‌കാരദാനം, സാംസ്‌കാരിക സമ്മേളനം, വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, മലയാളഭാഷ സംഭാവന നല്‍കിയ വരെ ആദരിക്കല്‍, സെമിനാറുകള്‍ സംഘടിപ്പിക്കും.