*നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു

തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മോടി കൂട്ടാൻ വിമാനമാതൃകയിലുള്ള എയർഫോഴ്‌സ് മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായാണ് മ്യൂസിയം നിർമാണമെന്നും വിനോദസഞ്ചാര മേഖലയിലെ ആക്കുളത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്കുളം കായൽ പുനരുജ്ജീവനം കൂടി സാധ്യമാകുന്നതോടെ തലസ്ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ആക്കുളം മാറുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനയുടെ സേവനങ്ങളും യുദ്ധോപകരണങ്ങളും ജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടാനായി ഈ മ്യൂസിയത്തിലൂടെ സാധിക്കും. കെട്ടിടമുൾപ്പെടുന്ന അടിസ്ഥാനസൗകര്യ വികസനമാണ് സർക്കാർ സജ്ജീകരിക്കുന്നത്. മ്യൂസിയത്തിനുള്ളിലെ പ്രദർശന വസ്തുക്കൾ ഉൾപ്പെടുന്ന സാങ്കേതിക സഹായം എയർഫോഴ്‌സിന്റേതാണ്. 99 ലക്ഷം രൂപയോളം ചെലവിട്ടാണ് മ്യൂസിയത്തിന്റെ നിർമ്മാണം.

എയർക്രാഫ്റ്റിന്റെ മാതൃകകൾ, യുദ്ധോപകരണങ്ങൾ എന്നിവ പ്രദർശിപ്പിക്കും. വിനോദ സഞ്ചാരികൾക്ക് എയർക്രാഫ്റ്റ് ഓടിക്കാനുള്ള സജ്ജീകരണവും ചെയ്യും.
ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിനു സമീപത്തെ പഴയ കെട്ടിടമാണ് വിമാന മാതൃകയിൽ മാറ്റിയെടുക്കുന്നത്. ടൂറിസ്റ്റ് വില്ലേജിന്റെ നവീകരണത്തിനായി 9.34 കോടി രൂപയുടെ ഫണ്ടിന് സർക്കാർ അനുമതിയായിട്ടുണ്ട്. മ്യൂസിയത്തിന് സമീപത്ത് യോഗാകേന്ദ്രവും വിപുലപ്പെടുത്തുന്നുണ്ട്.

ശംഖുമുഖത്തെയും വേളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റർ സർവീസും ടൂറിസത്തിന്റെ ഭാഗമായി സജ്ജീകരിക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ സതേൺ എയർ കമാൻഡ് എയർമാർഷൽ ബി.സുരേഷ് പറഞ്ഞു.

ടൂറിസം ഡയറക്ടർ പി.ബാലകിരൺ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ അനു.എസ്.നായർ, വാർഡ് കൗൺസിലർ വി.ആർ.സിനി, എയർ മാർഷൽ മാനവേന്ദ്രസിംഗ്, എയർവൈസ് മാർഷൽ പി.ഇ.പദംഗെ തുടങ്ങിയവർ സംബന്ധിച്ചു.