വിവാഹ ധനസഹായ പദ്ധതി: കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക്

തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതിയില്‍ വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് 3 വര്‍ഷം വരെ സമര്‍പ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

വിവാഹ ധനസഹായ പദ്ധതിയുടെ വരുമാനപരിധി ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപയും നഗരപ്രദേശങ്ങളില്‍ 22,375 രൂപയുമായിരുന്നത് 2 ലക്ഷം രൂപയായി നിശ്ചയിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ നേരത്തെയുള്ള വരുമാനപരിധി അസാധുവാക്കിയും ഇതോടൊപ്പം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം സംബന്ധിച്ച നയപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സാമൂഹ്യനീതി വകുപ്പാണ്. എന്നാല്‍ ധനസഹായത്തിനുള അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ വിതരണം ചെയ്യുന്നത് വരെയുളള നടപടികള്‍ ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

ഫണ്ട് അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നത് ലാന്റ് റവന്യൂ കമ്മീഷണറാണ്. 30,000 രൂപയാണ് ഈ പദ്ധതിയിലൂടെ വിവാഹ ധനസഹായമായി അനുവദിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടക്കുന്ന ഈ പദ്ധതി സാധുക്കളായ നിരവധി പെണ്‍കുട്ടികള്‍ക്ക് ആശ്വാസകരമാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.