ശബരിമല: ശബരിമലയിൽ 305 കോടിയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല ഉന്നതാധികാര സമിതിയെ സജീവമാക്കിയതായും ഉപദേശക സമിതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനം സാധ്യമാക്കിയതിന് അഭിനന്ദനം അറിയിച്ച മന്ത്രി ഈ സീസണിൽ ഭക്തരുടെ സൗകര്യവും ക്ഷേമവും പുണ്യദർശനവും സാധ്യമാക്കാൻ സാധിച്ചതായും പറഞ്ഞു.
രാജു എബ്രഹാം എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, പത്തനംതിട്ട ജില്ലാ കലക്ടർ ആർ. ഗിരിജ, ബോർഡ് അംഗം കെ.പി ശങ്കരദാസ്, എക്സിക്യുട്ടീവ് ഓഫീസർ വി.എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിച്ചു.