പുതുയുഗം പദ്ധതി:  യോഗ്യതാ നിര്‍ണയ പരീക്ഷ ജനുവരി 21-ന്
കൊച്ചി: പുതുയുഗം പഠന പദ്ധതിയുടെ അടുത്ത അധ്യയന വര്‍ഷത്തില്‍ തുടങ്ങുന്ന ബാച്ചിലേക്ക് യോഗ്യരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുളള യോഗ്യതാ നിര്‍ണയ പരീക്ഷയുടെ രണ്ടാം ഘട്ടം ജനുവരി 21-ന് രാവിലെ 10-ന് എറണാകുളം ഗവ:ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. ഈ വര്‍ഷം പ്ലസ് വണ്‍ ക്ലാസുകളില്‍ പഠനം നടത്തുന്ന, പഠനമികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. പദ്ധതിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കുവേണ്ടി ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന തീവ്രപരിശീലന പരിപാടി ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ അവരുടെ വ്യക്തിത്വ വികസനത്തിനും, ഇംഗ്ലീഷ് ഭാഷ നൈപുണ്യം വളര്‍ത്തുന്നതിനും ഉതകുന്ന പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും.
 ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠനമികവു പുലര്‍ത്തുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് അനുയോജ്യരാക്കാന്‍ ജില്ലാ ഭരണകൂടം, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ പദ്ധതിയാണ് പുതുയുഗം. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി പ്ലസ് ടു ക്ലാസില്‍ പഠനം നടത്തുന്ന 400 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചിച്ച് സ്‌കൂളുകളുടെ പഠന നിലവാരം വര്‍ധിപ്പിക്കുന്നതിനുളള പരിമിതികള്‍ മറികടക്കുന്നതിന് വേണ്ടി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്റെയും, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം അക്കാദമിയുമായി ചേര്‍ന്നാണ് തീവ്രപരിശീലന പരിപാടി നടപ്പാക്കുന്നത്. താത്പര്യമുളള കുട്ടികള്‍ അതതു സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായോ അല്ലെങ്കില്‍ 9446446611 നമ്പരില്‍ നേരിട്ടോ ബന്ധപ്പെടണം. ഒന്നാംഘട്ട പരീക്ഷയില്‍ പങ്കെടുത്തവര്‍ വീണ്ടും പരീക്ഷ എഴുതേണ്ടതില്ല.