ഗ്രാമപഞ്ചായത്തുകൾ എല്ലാ മേഖലയിലും സ്വയം പര്യാപ്തയിലേക്ക് വളരണമെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പടുവളം എസ്.ജി.എസ്.വൈ ഹാളിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഐ എസ് ഒ ഗുണനിലവാര പ്രഖ്യാപനവും വയോജന സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതികൾക്ക് ഗുണപരമായ നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പവർഫുൾ ഗ്രാമ പഞ്ചായത്ത് തന്നെയാണ്. വിവിധ തരം നികുതി പിരിക്കുന്നതിനും ഒരു പ്രദേശത്തിന്റ വികസനത്തിനുള്ള പദ്ധതികൾ രൂപകല്പന ചെയ്യ്ത് നടപ്പിലാക്കാനുമുള്ള അധികാരം പഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷിപ്തമാണ്. ആദ്യകാലത്ത് വളരെ പരിമിതമായ അവകാശങ്ങളും അധികാരങ്ങളും മാത്രമാണ് പഞ്ചായത്തുകൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പഞ്ചായത്തുകളുടെ അധികാരങ്ങളും സാമ്പത്തിക ശേഷിയും വർദ്ധിച്ചു. 73,74 ഭരണഘടനാ ഭേദഗതിയോട് കൂടിയാണ് പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങൾ ലഭിച്ചു തുടങ്ങിയത്.മറ്റ് ഗ്രാമപഞ്ചായത്തുകൾക്ക് മാതൃകയായി നിരവധി പദ്ധതികളിലൂടെ ശ്രദ്ധേയമാണ് പിലിക്കോട്. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ ക്രമമായ പുരോഗതിയിലേക്കുള്ള കുതിപ്പിനുള്ള ഊർജജമായി ഐ.എസ്.ഒ സർട്ടിഫിക്കറ്റിനെ വിലയിരുത്താമെന്ന് മന്ത്രി പറഞ്ഞു.
ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും വയോജനങ്ങൾക്ക് യോഗ പരിശീലനം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകിയത് അഭിനന്ദനാർഹമാണ്. ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും ജീവിതത്തിൽ ഊർജ്ജസ്വലത നിലനിർത്താനും യോഗ സഹായിക്കും .ഇതേ വേദിയിൽ വച്ച് ദേശീയ അധ്യാപക അവാർഡ് ജേതാവായ എം മഹേഷ് കുമാറിനെ അനുമോദിക്കാൻ ഗ്രാമ പഞ്ചായത്ത് കാണിച്ച താൽപര്യവും ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ ഏറ്റവും കൂടുതൽ ആദരവ് ലഭിക്കുന്നവരാണ് അധ്യാപകർ.മൂന്നാം കണ്ണ് ഉള്ളവരാണ് അധ്യാപകർ.ഓരോ കുട്ടിയിലെയും അന്തർലീനമായ കഴിവുകൾ പുറത്തെടുക്കുന്നതിലും സമൂഹത്തിന്റെ സമഗ്രപുരോഗതിക്കും അധ്യാപകന്റെ പങ്ക് ചെറുതല്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.