സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന എക്സ്പ്ളോറിങ് ഇന്ത്യ പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു.

സംസ്ഥാനത്തെ നൂറ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിച്ച പാസ്വേഡ് പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 1200 വിദ്യാർഥികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 120 പേരാണ് എക്സ്പ്ളോറിങ് ഇന്ത്യയിൽ പങ്കെടുക്കുന്നത്. ഏഴുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം എന്നിവ സന്ദർശിക്കും.

രാഷ്ട്രപതി, കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി തുടങ്ങിയവരെ സന്ദർശിക്കും. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾ സന്ദർശിച്ച് തലവൻമാരുമായി സംവദിക്കും. വള്ളക്കടവ് അറഫ ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടർ ഡോ.എ.ബി.മൊയ്തീൻകുട്ടി സ്വാഗതവും പ്രോജക്ട് ഓഫീസർ മുഹമ്മദ് ഇസ്മായിൽകുഞ്ഞ് നന്ദിയും പറഞ്ഞു. ന്യൂനപക്ഷക്ഷേമവകുപ്പ് ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ എ.മുഹമ്മദ് അൻസർ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമായ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ മന്ത്രിയിൽനിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. ഉദ്ഘാടനച്ചടങ്ങിനുശേഷം വിജയം വേണ്ട വഴികളെക്കുറിച്ച് സംവാദം നടന്നു.