കൊച്ചി: കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ദിശ അവലോകന യോഗം ചെയർമാൻ ഹൈബി ഈഡൻ എം പി യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയുടെ നിർദ്ദേശപ്രകാരം പോക്സോ കേസുകളുടെ അവലോകനവും ദിശയുടെ ഭാഗമായി പരിഗണിക്കുമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.
ജില്ലയിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആസൂത്രണവും പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. മൈക്രോ ഇറിഗേഷൻ പദ്ധതിയിൽ നേരത്തെ ലഭിച്ചിരുന്ന 90 ശതമാനം സബ്സിഡി 45 ശതമാനമാക്കി കുറച്ചത് മൂലം കർഷകർക്ക് പ്രയോഗിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഭവന നിർമ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചിട്ടില്ല എന്നും പരാതി ഉയർന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാൻമന്ത്രി ആവാസ് യോജന (പി.എം.എ.വൈ), ലൈഫ് പദ്ധതി, കുടുംബശ്രീ, പി എം ജി എസ് വൈ, നാഷണൽ സോഷ്യൽ അസിസ്റ്റൻറ് പ്രോഗ്രാം, സ്വച്ഛഭാരത് മിഷൻ പദ്ധതി, ഉറവിട മാലിന്യ സംസ്കരണ പദ്ധതി, എൻ ആർ ഡി ഡബ്ലിയു പി, ഗ്രാമീണമേഖലയിലെ വൈദ്യുതീകരണം ആയി ബന്ധപ്പെട്ട ആരംഭിച്ച ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതി, പ്രധാനമന്ത്രി ഫസൽ ബീമാ യോജന, സർവ്വ ശിക്ഷാ അഭിയാൻ, ഐ സി ഡി എസ്, പ്രധാനമന്ത്രി ഉജ്ജ്വല യോജന തുടങ്ങിയ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.
ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ദിശ കോ -ചെയർമാൻ ഡീൻ കുര്യാക്കോസ് എം.പി , അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർ , കെ.ജെ. മാക്സി എംഎൽഎ , ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ. ജി തിലകൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തുന്നതിനുള്ള ദിശ അവലോകന യോഗത്തിൽ ചെയർമാൻ ഹൈബി ഈഡൻ എം പി സംസാരിക്കുന്നു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.ജി.തിലകൻ, ദിശ കോ -ചെയർമാൻ ഡീൻ കുര്യാക്കോസ് എം.പി , എന്നിവർ സമീപം.