പിന്നന്‍, നെടുവന്‍, മട്ടികവല, മട്ടി, നൂലി, കവലന്‍…… പേരുകള്‍ കേട്ട് അമ്പരക്കേണ്ട. ഗോത്ര വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന കിഴങ്ങിനങ്ങളാണിവ. കാട്ടില്‍ ലഭിക്കുന്ന ഈ കിഴങ്ങുവര്‍ഗങ്ങള്‍ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷ്യവസ്തുവാണ്. ഗോത്രവിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലാണ് വിവിധയിനം കിഴങ്ങുവര്‍ഗങ്ങള്‍ ഒരുക്കിയത്. തേനും തിനയും എന്നു പേരിട്ട പരിപാടിയില്‍ ഗോത്രവിഭാഗങ്ങളുടെ വിവിധ കലാരൂപങ്ങളും രണ്ടു ദിവസങ്ങളിലായി അരങ്ങേറി. പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
അറുപതിലധികം ഇനം മരുന്നുചെടികളും പ്രദര്‍ശനത്തിലുണ്ട്. പരുന്താട്ടം, ചോനാല്‍കളി, മയിലാട്ടക്കളി, നാട്ടറിവ് പാട്ടുകള്‍ തുടങ്ങിയ കലായിനങ്ങളും കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവം പകര്‍ന്നു. ഭക്ഷ്യ, ഫലവര്‍ഗ സ്റ്റാളുകളും ഒരുക്കിയിരുന്നു. ഗോത്ര വിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള നാഴി, കല്‍വിളക്കുകള്‍, നെല്ലിപ്പലക തുടങ്ങിയ വസ്തുക്കളും കാഴ്ചക്കാര്‍ക്ക് കൗതുകമായി. രണ്ടു ദിവസത്തെ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.