പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ മലയാള ദിനം – ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളികളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരവും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി തര്‍ജമ മത്സരവും നടത്തി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പ്രസംഗ മത്സരത്തില്‍ വിജയമാതാ കോണ്‍വെന്റ് സ്‌കൂളിലെ എം. നിഹാല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മധുമിത ഹരിദാസ്, പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്സിലെ ഫാത്തിമ റസാന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് ഗീത എന്നിവര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഒറ്റപ്പാലം എന്‍.എസ്.എസ് കോളെജിലെ റിട്ട. പ്രഫസറും എഴുത്തുകാരനും ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകനുമായ പ്രഫ. യു. ജയപ്രകാശ്, ഫെഡറല്‍ ബാങ്ക് റിട്ട. മാനെജറും പത്തോളം പുസ്തകങ്ങള്‍ വിവര്‍ത്തനം നടത്തിയ ബി. നന്ദകുമാര്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്. ഭരണഭാഷയുമായി ബന്ധപ്പെട്ട സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി നടത്തിയ തര്‍ജ്ജമ മത്സരത്തില്‍ 30ഓളം ജീവനക്കാര്‍ പങ്കെടുത്തു. ഫലം ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും.