ന്യൂഡല്‍ഹി: കുട്ടികള്‍ സിനിമ എടുക്കുകയല്ല, കാണുകയും വായിക്കുകയുമാണ് വേണ്ടതെന്ന് ആവര്‍ത്തിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. നല്ല സിനിമകള്‍ കാണിച്ച് കുട്ടികളുടെ മനസില്‍ കാഴ്ചകളും ചിന്തകളും രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം ചലച്ചിത്രോത്സവം എന്ന ആശയവുമായെത്തിയ പി.ആര്‍.ഡിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
സാംസ്‌കാരിക രംഗത്തെ ഇത്തരം ക്രിയാത്മക ഇടപെടലുകളും പുതിയ കാല്‍വെയ്പുകളും സര്‍ക്കാരിന്റെ അന്തസ് ഉയര്‍ത്തും. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി ഡല്‍ഹിയിലെ കേരള ഹൗസില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവം സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ സിനിമ എടുക്കുന്നു എന്നത് മനശാസ്ത്രപരമായി തെറ്റാണ്. അറിവുകളുടെയും കാഴ്ചയുടെയും ഇന്‍ടേക്കിന്റെ സമയമാണ് സ്‌കൂള്‍ വിദ്യാഭ്യാസ കാലം. ഇത്തരം ഇന്‍ടേക്കുകള്‍ ഉള്ള കുട്ടികളില്‍ നിന്നേ ഭാവിയില്‍ മികച്ച സിനിമകള്‍ പിറക്കൂ. അദ്ധ്യാപകര്‍ ചെയ്യേണ്ടത് നല്ല വായനയ്ക്കുള്ള പ്രേരണ നല്‍കുകയാണ്. എം.ടി.യുടെ കഥ പഠിക്കാനുള്ള കുട്ടി മറ്റ് അദ്ദേഹത്തിന്റെ മറ്റ് കഥകളും തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരിപ്പിക്കണം. ഇന്നത്തെ കാലത്ത് സിനിമ എടുക്കാന്‍ എളുപ്പമാണ്, നല്ല സിനിമകള്‍ എടുക്കാനാണ് പ്രയാസമെന്നും അടുര്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ഡെല്‍ഹി പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള അടൂര്‍ സിനിമകള്‍ പരിചയപ്പെടുത്തി. ഫിലിം എഡിറ്റര്‍ ഡയറക്ടര്‍ വിനോദ് സുകുമാരന്‍, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. സന്തോഷ്, കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത്, പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള, ചലച്ചിത്ര താരം അനുമോള്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.