കേരളീയ സംസ്‌കാരവും സാമൂഹിക സ്ഥിതിയും അഭിമാനകരം- അടൂര്‍ ഗോപാലകൃഷ്ണന്‍
ന്യൂഡല്‍ഹി: കേരളീയ സംസ്‌കാരവും സാമൂഹിക സ്ഥിതിയും അഭിമാനകരമാണെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പ് ഡല്‍ഹിയിലെ കേരള ഹൗസില്‍ നടത്തിയ സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏതു സംസ്ഥാനത്തെ എടുത്താലും വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ, സാമൂഹ്യ നീതി, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാം കേരളം മുന്‍പില്‍ തന്നെ നില്‍ക്കുന്നു. ഇതൊരു അഭിമാനകരമായ നേട്ടമാണ്. അതുകൊണ്ട് തന്നെ പലതിനോടും നമ്മള്‍ പ്രതികരിക്കും. പ്രതികരണമില്ലാത വരുന്ന ഒരു അവസ്ഥ നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് അപകടകരമാണ്. നല്ല ഭരണകര്‍ത്താക്കള്‍ എപ്പോഴും അവരുടെ സ്തുതിയല്ല കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, അവരുടെ വിമര്‍ശനമാണ്. കാരണം ജനങ്ങള്‍ എങ്ങനെയാണ് തങ്ങളുടെ ഭരണം സ്വീകരിക്കുന്നത്, അവരില്‍ എങ്ങനെയാണ് ഭരണത്തിന്റെ ഗുണങ്ങള്‍ എത്തുന്നത് എന്ന് അറിയാനുള്ള ഏക വഴിയാണ് വിമര്‍ശനങ്ങളെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
നമ്മുടെ നാടിന്റെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും മഹത്വം നിറഞ്ഞ മൂല്യങ്ങള്‍ എല്ലാം ഉയര്‍ത്തിപിടിച്ച് കൊണ്ടാണ് 63 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഐക്യ കേരളം പിറന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച ബിനോയ് വിശ്വം എം.പി പറഞ്ഞു. ഒരു യാന്ത്രികമായ പിറവിയായിരുന്നില്ല കേരളത്തിന്റേത്. അതിന് പിറകില്‍ ലക്ഷ്യ ബോധമുള്ള ഒരുപാട് മനുഷ്യരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബാബു പണിക്കര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഐ&പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി സന്തോഷ് സ്വാഗതവും സംഘാടക സമിതി അംഗം ശശി കുമാര്‍ നന്ദിയും പറഞ്ഞു.
ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് അവതരിപ്പിച്ച മേളത്തോടെയായിരുന്നു ഇന്നലത്തെ കലാപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഓര്‍മ്മ രോഹിണി അവതരിപ്പിച്ച ‘അതിജീവന രാഗങ്ങള്‍’ നാടന്‍പാട്ടും ബാലഗോകുലം അവതരിപ്പിച്ച സമൂഹഗാനവും, സ്‌കിറ്റും, ഗുരുകലൈവാണി അവതരിപ്പിച്ച ഭരതനാട്യം, എന്‍.എസ്.എസ് ഗോള്‍മാര്‍ക്കറ്റ് അവതരിപ്പിച്ച സംഘനൃത്തവും രംഗവേദി അവതരിപ്പിച്ച ചിലപ്പതികാരം എന്ന നാടകവും അരങ്ങേറി.
തലസ്ഥാന നഗരിയെ ഉത്സവ ലഹരിയിലാക്കിയ കേരള ഹൗസിലെ കേരളപ്പിറവി ദിനാഘോഷങ്ങള്‍ ഇന്ന് സമാപിക്കും. ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് വൈകുന്നേരം ആറു മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ വിതരണം ചെയ്യും.