ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകത്തിന്റെ നേതൃത്വത്തിൽ
സംഘടിപ്പിക്കുന്ന പതിനൊന്നാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് നവംബർ 9,10 തിയതികളിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ നടക്കും. നവംബർ 9ന് രാവിലെ 9.30ന് തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും, സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. ബി. ബാഹുലേയൻ ചടങ്ങിന് അധ്യക്ഷത വഹിക്കും. കഴിഞ്ഞ പ്രളയകാലത്ത് വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്താനും അവയുടെ പുനരധിവാസത്തിനായും പ്രയത്‌നിച്ച രക്ഷാപ്രവർത്തകരെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച് ആദരിക്കും.

മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദരുടെയും വിദ്യാർഥികളുടെയും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായി അറിയപ്പെടുന്ന വെറ്ററിനറി സയൻസ് കോൺഗ്രസിൽ മൃഗങ്ങളുടെ ആരോഗ്യപരിപാലനം, ഉൽപ്പാദനമുയർത്താനുള്ള നൂതന മാർഗ്ഗങ്ങൾ, മേഖലയും കർഷകരും നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചചെയ്യും. രാജ്യത്തെ വിവിധ വെറ്ററിനറി സർവ്വകലാശാലകൾ, കോളേജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നായി 400ഓളം ശാസ്ത്രജ്ഞരും അധ്യാപകരും വിദ്യാർഥികളും രണ്ടുദിവസം നീളുന്ന സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കും.

‘കാലാവസ്ഥാ വ്യതിയാനവും രോഗാണുക്കളുടെ ആർജ്ജിത പ്രതിരോധശേഷിയും ഭക്ഷ്യസുരക്ഷയ്ക്കും മൃഗാരോഗ്യ മേഖലയ്ക്കും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ വെറ്ററിനറി സേവനം” എന്നതാണ് പതിനൊന്നാമത് വെറ്ററിനറി കോൺഗ്രസ്സിന്റെ മുഖ്യ ആശയമായി തിരഞ്ഞെടുത്തത്.
വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ആരോഗ്യപരിപാലനം, ഉൽപ്പാദന രീതികൾ തുടങ്ങിയവ ഉൾപ്പെടെ നാല് പ്രധാന് സെഷനുകളായാണ് സമ്മേളനം നടക്കുക.

ഓരോ സെഷനുകളിലും അതത് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദഗ്ദരുടെ മുഖ്യ പ്രബന്ധാവതരണങ്ങളുണ്ടാകും. തുടർന്ന് സമ്മേളന പ്രതിനിധികളുടെ ഗവേഷണഫലങ്ങൾ അവതരിപ്പിക്കും. വിദ്യാർഥികളിൽ ഗവേഷണത്വര വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ബിരുദ വിദ്യാർഥികൾക്കായി സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.