സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി സി. പി. നായർ ഉദ്ഘാടനം ചെയ്തു. ഓരോ ഫയലും പരിഗണനയ്ക്ക് എടുക്കുമ്പോഴും അതിൽ ഒരു കുടുംബമുണ്ടെന്ന ചിന്തയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ജീവനക്കാരോട് ആദ്യം പറഞ്ഞത് സി. കേശവനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് ആവർത്തിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും മനസ്സിൽ സൂക്ഷിക്കേണ്ട കാര്യമാണത്. 32 വർഷം സെക്രട്ടേറിയറ്റിൽ ജോലി ചെയ്തു. ഇക്കാലയളവിലെ സെക്രട്ടേറിയറ്റിന്റെ വികാസപരിണാമങ്ങളെല്ലാം കണ്ടു. ഇ. എം. എസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ. കെ. നായനാർ  തുടങ്ങിയ മഹാത്മാക്കളായ മുഖ്യമന്ത്രിമാർക്കൊപ്പം ജോലി ചെയ്യാനായെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ നല്ല ഭാഗം മുഴുവൻ സെക്രട്ടേറിയറ്റിലാണ് ചെലവഴിച്ചതെന്ന് അധ്യക്ഷത വഹിച്ച മുൻ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാർ പറഞ്ഞു. അധികാരത്തിലിരിക്കുന്ന സമയം ജനങ്ങളെ മറന്ന് പ്രവർത്തിക്കരുത്. നിരവധി ചരിത്ര പുരുഷൻമാർ കടന്നുവന്നയിടമാണ് ദർബാർ ഹാൾ. നമ്മളൊക്കെ പോയാലും സെക്രട്ടേറിയറ്റും ദർബാർ ഹാളും ഉണ്ടാവും. നമ്മളിരിക്കുന്ന സ്ഥലത്ത് ജനോപകാരപ്രദമായ ചിന്തകൾ ഉണ്ടാവണം. സെക്രട്ടേറിയറ്റിന് മുന്നിൽ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സംവിധാനം ഒരുക്കണമെന്നും സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, ചരിത്രകാരനും മാധ്യമപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ആർ. ഡി പ്രസ്‌റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ കെ. സുരേഷ്‌കുമാർ സ്വാഗതവും പൊതുഭരണവകുപ്പ് അണ്ടർ സെക്രട്ടറി എ. കെ. സിദ്ദിഖ് നന്ദിയും പറഞ്ഞു.