ടി.എം. വര്‍ഗീസ് സ്മാരക പാര്‍ക്ക് തുറന്നു


കൊല്ലം: ചരിത്രത്തില്‍ ഇടം നേടിയ മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കൊല്ലം കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ടി.എം. വര്‍ഗീസ് സ്മാരക പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് സ്മാരകം സമര്‍പ്പിച്ചത്.
കൊല്ലത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന പദ്ധതികളാണ് കോര്‍പറേഷന്റെ മുഖമുദ്രയെന്ന് മന്ത്രി പറഞ്ഞു. പ്രധാന നഗരങ്ങളെ കോര്‍ത്തിണക്കിയുള്ള സ്‌പൈസസ് റൂട്ടില്‍ സ്ഥാനം നേടിയ ജില്ലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലൈബ്രറി നവീകരണം, മാനവീയം പ്രൊജക്ട്, ചരിത്ര മ്യൂസിയം എന്നീ പദ്ധതികളുടെ ഉദ്ഘാടനം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. ചരിത്രത്തെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്ന വര്‍ത്തമാന കാലത്ത് ചരിത്ര മ്യൂസിയങ്ങള്‍ അനിവാര്യതയാണ്. പുതിയ തലമുറ ചരിത്രബോധം ഉറപ്പാക്കണം. പുസ്തക വായനയിലേക്ക് തിരികെ പോകാനും യുവജനത ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം. മുകേഷ് എം. എല്‍. എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ എം.എ. സത്താര്‍, എസ്. ഗീതാകുമാരി, അഡ്വ. ഷീബ ആന്റണി, കോര്‍പറേഷന്‍ സെക്രട്ടറി എ.എസ്. അനുജ, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.ജെ. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.