പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അവസാനവട്ട മിനുക്കുപണികള്‍ നവംബര്‍ 15ന് അകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.

റോഡുകളുടെ അറ്റകുറ്റപ്പണി ഈമാസം 15ന് അകം പൂര്‍ത്തിയാക്കും. പ്ലാപ്പള്ളി-ചാലക്കയം റോഡ്(21.50 കി.മി), കണമല-ഇലവുങ്കല്‍ റോഡ്(9.9 കി.മി), പ്ലാപ്പള്ളി-ആങ്ങമൂഴി റോഡ്(7 കി.മി), ചേത്തോംങ്കര-അത്തിക്കയം റോഡ്(7 കി.മി), മുക്കട-ഇടമണ്‍-അത്തിക്കയം(7  കി.മി), പത്തനംതിട്ട റിംഗ് റോഡ്, മൈലപ്ര റോഡ് എന്നിവ നവീകരിക്കും. ചാലക്കയം – പമ്പ റോഡിന്റെ അറ്റകുറ്റപ്പണി ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കും. പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണി കെഎസ്ടിപി പൂര്‍ത്തിയാക്കും. റോഡുകളില്‍ സൂചനാ ബോര്‍ഡുകളും ക്രാഷ് ബാരിയറുകളും റിഫ്‌ളക്ടറുകളും പൊതുമരാമത്ത് നിരത്തു വിഭാഗം സ്ഥാപിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കും. അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ ജില്ലാഭരണകൂടം നിയോഗിക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ഇത്തവണ പുതിയ യൂണിഫോം നല്‍കും.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും ഏകോപനത്തിനുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തുടങ്ങും. റവന്യു, പോലീസ്, ആരോഗ്യ വകുപ്പ് ഉള്‍പ്പെടെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തിയായി. പമ്പ മുതല്‍ സന്നിധാനം വരെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കും. ഇതിന്റെ നിര്‍മാണം ഇന്ന്(9) പൂര്‍ത്തിയാകും.

നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ നിലവില്‍ 12000 വാഹനങ്ങള്‍ക്കാണ് പാര്‍ക്കിംഗ് സൗകര്യമുള്ളത്. ഇവിടെ 20000 മീറ്റര്‍ സ്‌ക്വയര്‍ സ്ഥലം കൂടെ പാര്‍ക്കിംഗിനായി വികസിപ്പിക്കുന്ന പ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. പമ്പയില്‍ രാമമൂര്‍ത്തി മണ്ഡപം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് താല്‍ക്കാലിക വിരി സൗകര്യവും ബാരിക്കേഡും സജ്ജമാക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരം, മാലിന്യം എന്നിവ പരിശോധിക്കാന്‍ സന്നിധാനത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുതിയ ലാബ് തുടങ്ങും.  തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടത്താവളങ്ങളിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുകയാണെന്നും കളക്ടര്‍ പറഞ്ഞു.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ശുചിമുറികളുടെ ലേലം ഈമാസം 12ന് പൂര്‍ത്തിയായില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ആവശ്യം വന്നാല്‍ ശുചിമുറികളുടെ ശുചീകരണത്തിനും ഇവിടേക്ക് ജലം ലഭ്യമാക്കുന്നതിനും ദേവസ്വം ബോര്‍ഡ് പദ്ധതി തയാറാക്കണം.

അപകട സാധ്യത ഒഴിവാക്കുന്നതിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കടകളിലും പാചകവാതകം അമിതമായി സംഭരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. രണ്ടു ദിവസത്തെ ആവശ്യത്തിനുള്ള പാചക വാതകമേ സംഭരിച്ചു വയ്ക്കാന്‍ അനുവദിക്കുകയുള്ളു. വ്യാപാര സ്ഥാപനങ്ങളുടെ ആവശ്യകത കണക്കാക്കി നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഫയര്‍ഫോഴ്‌സിനെ ചുമതലപ്പെടുത്തി.

കാനനപാതയിലെ ശുചീകരണത്തിനായി ളാഹ മുതല്‍ പമ്പ വരെയും കണമല മുതല്‍ ഇലവുങ്കല്‍ വരെയും 30 ഇക്കോ ഗാര്‍ഡുകളെ വനം വകുപ്പ് നിയോഗിക്കും. ളാഹ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡുകളെ നിയോഗിക്കും. ളാഹയിലും കണമലയിലും
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി വിതരണം ചെയ്യും.

സന്നിധാനത്ത് വനം വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സ് സേവനം ലഭ്യമാക്കും. ആക്രണ സ്വഭാവമുള്ള പന്നി, കുരങ്ങ് എന്നിവയെ തീര്‍ഥാടകര്‍ എത്തുന്ന സ്ഥലത്തു നിന്നും നീക്കം ചെയ്യും.
പമ്പയില്‍ വനംവകുപ്പ് പുതിയ ഇന്‍ഫര്‍മേഷന്‍ സെന്ററര്‍ തുടങ്ങും. പമ്പയില്‍ വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.

അഴുതക്കടവ്-ചെറിയാനവട്ടം, സത്രം-സന്നിധാനം പരമ്പരാഗത പാതയില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തും. പമ്പ- സന്നിധാനം പാതയില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ബയോ ടോയ്‌ലറ്റുകള്‍ വയ്ക്കും. പാമ്പിനെ പിടിക്കുന്നതിനായി സന്നിധാനത്ത് സ്‌ക്വാഡിനെ നിയോഗിക്കും.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 800 പേരെ നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിക്കും.  പോസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തിയായി. സന്നിധാനത്തും പമ്പയിലും പത്തു വീതവും അപ്പാച്ചിമേട്, നീലിമല, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറു വീതവും ഡോക്ടര്‍മാരെ നിയോഗിക്കും.

സന്നിധാനം, പമ്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കും. ഇതിനു പുറമേ മറ്റ് എല്ലാ സ്ഥലങ്ങളിലും ഫിസിഷ്യന്‍മാരുടെയും അസ്ഥിരോഗ വിദഗ്ധരുടെയും സേവനം ലഭ്യമാക്കും.

ഹോട്ടലുകളിലും കടകളിലും ജോലി ചെയ്യാനെത്തുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടു വരണമെന്ന് നിര്‍ദേശം നല്‍കും. പമ്പയില്‍ നദിയിലെ അപകട സ്ഥലങ്ങള്‍ തീര്‍ഥാടകര്‍ക്ക് തിരിച്ചറിയുന്നതിന് വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. പാര്‍ക്കിംഗ് സൗകര്യപ്രദമാക്കുന്നതിന് നിലയ്ക്കല്‍ ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ വയ്ക്കുന്നതിനും ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി.

നിലയ്ക്കല്‍ 25 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രതിദിനം ലഭ്യമാക്കുന്നതിന് വാട്ടര്‍ അതോറിറ്റി ക്രമീകരണം ഏര്‍പ്പെടുത്തി. സീതത്തോട്, പമ്പ എന്നിവിടങ്ങളില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ ഇവിടേക്ക് കുടിവെള്ളം എത്തിക്കും. നിലയ്ക്കല്‍ പുതുതായി 5000 ലിറ്റര്‍ ശേഷിയുള്ള 16 ടാങ്കുകള്‍ കൂടി സ്ഥാപിക്കും. വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികളെല്ലാം ചൊവ്വാഴ്ച പൂര്‍ത്തീകരിക്കും. പമ്പ – സന്നിധാനം പാതയില്‍ 120 ഉം നിലയ്ക്കല്‍ 130 ഉം കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കും. ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ കിയോസ്‌കുകള്‍ കരുതിയിട്ടുണ്ട്. ചൂടുവെള്ളവും തണുപ്പു വെള്ളവും ലഭ്യമാക്കുന്ന 12 ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കും. അധികമായി 10 എണ്ണം കരുതിയിട്ടുണ്ട്.

കടവുകളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍, വേലികള്‍ എന്നിവ ഇറിഗേഷന്‍ വകുപ്പ് സ്ഥാപിക്കും. ഹില്‍ടോപ്പിനു താഴെ പമ്പാ നദീ തീരത്ത് മതിയായ ബാരിക്കേട് സ്ഥാപിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കെഎസ്ഇബിയുടെ ക്രമീകരണങ്ങള്‍ ഈമാസം 10ന് അകം പൂര്‍ത്തിയാകും. പള്ളം-ത്രിവേണി, മൂഴിയാര്‍-ത്രിവേണി വൈദ്യുതി വിതരണ ശൃംഖലകള്‍ പൂര്‍ണ സജ്ജമാണ്. ഇവയ്ക്ക് തകരാര്‍ സംഭവിച്ചാല്‍ എമര്‍ജന്‍സി ലൈറ്റിംഗ് സംവിധാനം പ്രവര്‍ത്തിക്കും.

പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി 150 ചെയിന്‍ സര്‍വീസുകള്‍ നടത്തും. 110 നോണ്‍ എസി ബസുകളും 40 എസി ബസുകളും ഉണ്ടാകും. ഇതിനു പുറമേ ഇലക്ട്രിക് ബസുകളും സജ്ജമാക്കും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എക്‌സൈസിന്റെ റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കും. ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.

സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിക്കും.  ഭക്ഷ്യസുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലകളിലും കടകളിലും പ്രസിദ്ധപ്പെടുത്തും. അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും.

തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലും പന്തളത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറക്കും. എരുമേലി മുതല്‍ സന്നിധാനം വരെ അയ്യപ്പസേവാ സംഘത്തിന്റെ ഏഴ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും. അന്നദാനം, ചുക്കുവെള്ളം, ആംബുലന്‍സ്, സ്‌ട്രെച്ചര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും.

ഭക്ഷണ സാധനങ്ങളുടെ അളവും വിലയും പരിശോധിക്കുന്നതിനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ലീഗല്‍ മെട്രോളജി വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ മുതല്‍ ജില്ലയിലെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലുമായി നാലു സ്‌ക്വാഡുകളെ നിയോഗിക്കും.

തീര്‍ഥാടന കാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി നടപ്പാക്കും. നിലയ്ക്കലും പമ്പയിലും തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീല്‍ ബോട്ടില്‍ നല്‍കുന്ന കിയോസ്‌ക് കുടുംബശ്രീ തുടങ്ങും.

പത്തനംതിട്ട നഗരസഭ, പന്തളം നഗരസഭ, കുളനട ഗ്രാമപഞ്ചായത്ത്, വടശേരിക്കര ഗ്രാമപഞ്ചായത്ത്, റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്, റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത്, തിരുവല്ല നഗരസഭ, ആറന്മുള ഗ്രാമപഞ്ചായത്ത്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, കോന്നി ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി തുടങ്ങിയ തദ്ദേശഭരണസ്ഥാപനങ്ങളിലെ ഇടത്താവളം, കടവുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, തിരുവാഭരണപാതയുടെ ശുചീകരണം തുടങ്ങിയവയും യോഗം വിലയിരുത്തി. തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പായി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് നവംബര്‍ 15ന് യോഗം ചേരുമെന്നും കളക്ടര്‍ പറഞ്ഞു.

വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ശബരിമല എഡിഎം എന്‍എസ്‌കെ ഉമേഷ്, പത്തനംതിട്ട എഡിഎം അലക്‌സ് പി തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍. ബീനാ റാണി, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലാ ആശുപത്രിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ശബരിമല വാര്‍ഡ് തുറക്കും: വീണാ ജോര്‍ജ് എംഎല്‍എ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രത്യേക ശബരിമല വാര്‍ഡ് തുറക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം എംബാം ചെയ്യുന്നതിന് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് സൗകര്യമുള്ളത്.

പത്തനംതിട്ടയിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നതു സംബന്ധിച്ച ആവശ്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിലെ വൈദ്യുതി പോസ്റ്റ് അപകടസാധ്യത സൃഷ്ടിച്ചിട്ടുള്ളതിനാല്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കണം. പന്തളം-ഓമല്ലൂര്‍ റോഡ്, അമ്പലക്കടവ്-തെക്കേമല റോഡ്  അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കണം.

കൈപ്പട്ടൂര്‍ പാലത്തിനു സമീപത്തെ വഴിയോര കച്ചവടം അപകടത്തിന് വഴിയൊരുക്കുന്നതിനാല്‍ ഒഴിപ്പിക്കണം. ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് ഇടത്താവളം വികസിപ്പിക്കുന്നതിനാവശ്യമായ നടപടി പത്തനംതിട്ട നഗരസഭ സ്വീകരിക്കണം. പന്തളത്തു നിന്നും രണ്ട് ബസുകള്‍ പമ്പയിലേക്ക് സര്‍വീസ് നടത്തണമെന്ന ദേവസ്വം മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കണം. കൈപ്പുഴയില്‍ ബാരിക്കേഡ് വേണം. കുളനടയില്‍ പാര്‍ക്കിംഗ് സൗകര്യം വിപുലമാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.

ആദ്യപാദത്തില്‍ ശബരിമലയില്‍ 2800 പോലീസുകാരെ വിന്യസിക്കും: ജില്ലാ പോലീസ് മേധാവി

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യ പാദത്തില്‍ 2800 പോലീസുകാരെ വിന്യസിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കും തീര്‍ഥാടകര്‍ക്ക് സഹായം നല്‍കുന്നതിനുമായാണ് പോലീസുകാരെ വിന്യസിക്കുക. കടകള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നില്‍ ഗ്യാസ് സിലിണ്ടറുകള്‍ കൂട്ടിയിടുന്നത് ഒഴിവാക്കണം. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിന് പുണ്യം പൂങ്കാവനം പദ്ധതി ഇത്തവണയും വിപുലമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.