ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാമും ചേർന്ന് സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഉഷ ടൈറ്റസ് സെക്രട്ടറിയേറ്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
ദൈനംദിന ജീവിതത്തിൽ സമൂഹം നേരിടുന്ന അടിയന്തര പ്രശ്‌നങ്ങൾക്ക് വിദ്യാർഥികളിൽകൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്ക് www.reboot.asapkerala.gov.in എന്ന വെബ് സൈറ്റിലൂടെ ഹാക്കത്തോണിൽ പങ്കെടുക്കന്നതിലേക്കായി രജിസ്റ്റർ ചെയ്യാം. ആധുനിക തൊഴിൽ മേഖലയിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ സജ്ജരാകുകയും വിവിധ വകുപ്പുകളിലെ കാര്യനിർവഹണത്തിൽ അവരെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡോ: ഉഷടൈറ്റസ് അഭിപ്രായപ്പെട്ടു.

പൊതുസമൂഹവും വിവിധ വകുപ്പുകളും നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ സമാഹരിച്ചു ഇതിനായി തയ്യാറാക്കിയ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെ ഉപയോഗപ്പെടുത്തി പ്രശ്‌നപരിഹാരത്തിന് അവസരം നൽകുകയും ചെയ്യും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, വ്യവസായങ്ങൾ, സ്വകാര്യ – പൊതുമേഖലാ സ്ഥാപനങ്ങൾ, നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകൾ തുടങ്ങിയവർക്ക് പരിഹാരം തേടുന്ന അവരുടേതായ പ്രശ്‌നങ്ങൾ പരിഗണയ്ക്കായി നൽകാം.

ആ പ്രശ്‌നങ്ങൾ പഠിക്കാനും അവയ്ക്ക് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും. മികച്ച ആശയങ്ങളും പരിഹാര മാർഗ്ഗങ്ങളും നല്കുന്ന ടീമുകൾക്ക് പാരിതോഷികവും നൽകും. അതോടൊപ്പം ആ ആശയങ്ങളെ പ്രാബല്യത്തിൽ കൊണ്ടു വന്ന് പൊതുസമൂഹവും വിവിധ വകുപ്പുകളും നിലവിൽ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 10 ഹാക്കത്തോണുകൾ സംഘടിപ്പിക്കും. ഓരോ ഹാക്കത്തോണിൽ നിന്നും മികച്ച ടീമുകളെ തെരഞ്ഞെടുത്തു 30 ടീമുകൾ പങ്കെടുക്കുന്ന ഗ്രാൻഡ്ഫിനാലെ മാർച്ചിൽ നടക്കും.