ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് 17000 ഭക്തര്‍ക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം. സൗജന്യമായും നിശ്ചിത നിരക്കിലും ഈ സൗകര്യം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, വലിയ നടപ്പന്തല്‍ ഫ്ളൈ ഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായാണു  വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരീഷ്‌കുമാര്‍ പറഞ്ഞു.
പമ്പയില്‍ രാമമൂര്‍ത്തിമണ്ഡപം ഉണ്ടായിരുന്ന സ്ഥലത്ത് 3000 പേര്‍ക്ക് വിരിവയ്ക്കാനായുള്ള താത്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.പി ഷാജിമോന്‍ പറഞ്ഞു. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ 300 പേര്‍ക്കും വിരിവയ്ക്കാം. കൂടാതെ പമ്പ ദേവസ്വം ബോര്‍ഡ് പാലം മുതല്‍ 100 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും തീര്‍ഥാടകര്‍ക്ക് താത്കാലിക നടപന്തലും ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ ആറ് നടപ്പന്തലാണ് ഒരുക്കിയിട്ടുള്ളത്.