പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 200 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും. 160 നോണ്‍ എ.സി, 40 എ.സി ബസുകളാണ് സര്‍വീസ് നടത്തുക. ഇതു കൂടാതെ 10 ഇലക്ട്രിക് ബസുകളും ചെയിന്‍ സര്‍വീസ് നടത്തും.
ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം പമ്പയില്‍ നിന്ന് 50 ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തും. ദീര്‍ഘദൂര ബസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്‌.
ശബരിമല സ്പെഷ്യല്‍ ഓപ്പറേഷന്‍ സെന്ററുകളായ തിരുവനന്തപുരം, അടൂര്‍, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂര്‍, കോട്ടയം, എരുമേലി, കുമളി, എറണാകുളം, പത്തനംതിട്ട ഡിപ്പോകളില്‍ നിന്നും 179 ബസുകള്‍ പമ്പയിലേക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തും.
തെങ്കാശി, തിരുന്നല്‍വേലി, പളനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം അന്തര്‍സംസ്ഥാന ബസും സര്‍വീസ് നടത്തുമെന്ന് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍ അറിയിച്ചു. ഈ മാസം 16 മുതല്‍ ചെയിന്‍ സര്‍വീസ് ഉള്‍പ്പെടെയുള്ളവ ആരംഭിക്കുവാനാണ് തീരുമാനമെങ്കിലും ഭക്തര്‍ എത്തിയാല്‍ 15 മുതല്‍ സര്‍വീസ് തുടങ്ങും.