പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  ശുദ്ധജല വിതരണത്തിന് വാട്ടര്‍ അതോറിറ്റിയുടെ വിപുലമായ സംവിധാനം ഒരുങ്ങി. ശബരിമല തീര്‍ഥാടകര്‍ക്ക് ശുദ്ധജലം വിതരണം നടത്താന്‍ വാട്ടര്‍ അതോറിറ്റിയുടെ 13 എം.എല്‍.ഡി ഉത്പാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.
പമ്പ ത്രിവേണിയില്‍ സ്ഥിതിചെയ്യുന്ന ഇന്‍ടെയ്ക്ക് പമ്പ് ഹൗസില്‍ നിന്ന് പ്രഷര്‍ ഫില്‍ട്ടര്‍ വഴി ശുദ്ധീകരിച്ച് ജലം പമ്പയിലെ ഭൂതല സംഭരണിയില്‍ ശേഖരിച്ച് ക്ലോറിനേഷന്‍ ചെയ്ത് പമ്പ മേഖലയിലും നീലിമല ബോട്ടം പമ്പ് ഹൗസിലും എത്തിക്കും. തുടര്‍ന്ന് നീലിമല ടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനന പാതയിലും വിതരണം ചെയ്യും.
  പമ്പ മുതല്‍ ശരംകുത്തി വരെ എട്ട് സംഭരണികളിലായി 68 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കും. ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് ആറ് ടാങ്കുകളില്‍ ജലം സംഭരിച്ച് വിതരണം നടത്തും.
പമ്പ മുതല്‍ സന്നിധാനം വരെ താല്‍കാലിക  ടാപ്പുകള്‍ സ്ഥാപിക്കും. കിയോസ്‌ക്കുകളിലേക്കും ശൗചാലയങ്ങളിലേക്കും എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്നതും വാട്ടര്‍ അതോറിറ്റിയാണ്.
സ്വാമി അയ്യപ്പന്‍ റോഡില്‍ ശുദ്ധജല വിതരണത്തിന് വിതരണക്കുഴലുകള്‍ സ്ഥാപിച്ച് ചരല്‍മേട് ഭാഗം വരെയും ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്ന ഇ-ടോയ്‌ലറ്റ്, കിയോസ്‌ക്, പൊതുടാപ്പുകള്‍ എന്നിവയിലും ആവശ്യാനുസരണം വെള്ളം വിതരണം ചെയ്യും.
തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ ജല അതോറിറ്റി റിവേഴ്‌സ് ഓസ്മോസിസ്(ആര്‍.ഒ) പ്ലാന്റുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച് കിയോസ്‌ക്കുകളിലൂടെ ജലം വിതരണം നടത്തും. മണിക്കൂറില്‍ 35000 ലിറ്റര്‍ ശുദ്ധജലം ഈ പ്ലാന്റ് വഴി വിതരണം ചെയ്യും. ഈ പ്ലാന്റുകളില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ച് കിയോസ്‌ക്കുകള്‍ വഴി തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ള വിതരണം ചെയ്യും.
ആര്‍.ഒ പ്ലാന്റുകളില്‍ നിന്നും ലഭിക്കുന്ന ജലത്തെ ചൂട്,തണുപ്പ്, സാധാരണ എന്നീ മൂന്ന് അവസ്ഥകളില്‍ വിതരണം നടത്താന്‍ സാധിക്കുന്ന 12 ഹോട്ട്, കോള്‍ഡ്, നോര്‍മല്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍  സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി സെന്‍സര്‍ ടാപ്പോടുകൂടിയ 10  ഹോട്ട്, കോള്‍ഡ്, നോര്‍മല്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.
ചാലക്കയം, നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലെ ഇടത്താവളങ്ങളിലേക്കും പോലീസ് ക്യാമ്പുകളിലേക്കും പമ്പയില്‍ നിന്നും ടാങ്കര്‍ ലോറികളില്‍ ശുദ്ധജലമെത്തിക്കും.
 നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വാട്ടര്‍ അതോറിറ്റിയുടെ 3*1000 എല്‍.പി.എച്ച് ശേഷിയുള്ള ആര്‍.ഒ  പ്ലാന്റുകള്‍ക്കു പുറമെ, ടാറ്റ കണ്‍സള്‍ട്ടന്‍സി സ്ഥാപിച്ച 25*1000 എല്‍.പി.എച്ച് ശേഷിയുള്ള ആര്‍.ഒ പ്ലാന്റുകളില്‍ നിന്നുള്ള ജലം വിതരണം നടത്തുന്നതിന് 20 കിലോമീറ്റര്‍ നീളത്തില്‍ എച്ച്.ഡി.പി.ഇ പൈപ്പുകളും 150 കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യാനുസരണം പമ്പയില്‍ നിന്നും സമാന്തരമായി സീതത്തോട്ടില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കും. നിലയ്ക്കലില്‍ 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷം ലിറ്റര്‍ ടാങ്ക് ഉണ്ട്.
ഇതിനു പുറമെ അഞ്ച് ലക്ഷത്തിന്റെ മൂന്ന് സ്റ്റീല്‍ ടാങ്കുകളും 5000 ലിറ്ററിന്റെ 215 എച്ച്.ഡി.പി.ഇ ടാങ്കുകളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച്, സീതത്തോട്ടില്‍ നിന്നും പമ്പയില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം ദേവസ്വം ബോര്‍ഡിന്റെ  ആവശ്യാനുസരണം എത്തിച്ച് വിതരണം ചെയ്യും. പെരുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറി വഴി വെള്ളമെത്തിക്കും.
ജലത്തിന്റെ ഗുണനിലവാരം 
ജലം ശുദ്ധീകരിക്കുന്നതിനുവേണ്ടി പ്രഷര്‍ ഫില്‍ട്ടര്‍ സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ശുദ്ധീകരിച്ച ജലം എല്ലാ പമ്പ് ഹൗസിലും ഇലക്ട്രോക്‌ളോറിനേഷനിലൂടെ അണുനശീകരണം നടത്തും. ഗുണനിലവാരം ഓരോ മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുവാന്‍ പമ്പയില്‍ ലബോറട്ടറിയും ജലവിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ അസി.എഞ്ചിനീയറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.
ഈ ജലത്തെ വീണ്ടും റിവേഴ്സ് ഓസ്‌മോസിസ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കിയോസ്‌കുകളിലൂടെ വിതരണം നടത്തും. ഈ പ്ലാന്റുകളില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലം സെന്‍ട്രല്‍ പൊതുജന ആരോഗ്യ പരിസ്ഥിതി എഞ്ചിനീയറിംഗ് ഓര്‍ഗനൈസേഷനും ലോക ആരോഗ്യ സംഘടനയും നിഷ്‌കര്‍ഷിക്കുന്ന നിലവാരം പുലര്‍ത്തുന്നതാണ്.
കുടിവെള്ളം പമ്പയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ അത്യാധുനിക ലബോറട്ടറിയില്‍ കര്‍ശന പരിശോധന നടത്തിയശേഷമാണ് വിതരണം നടത്തുന്നത്. ഇന്‍ടേക്ക് പമ്പ്ഹൗസ് പരിസരത്തേക്ക് ആളുകള്‍ കടന്നു മാലിന്യം ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ കിയോസ്‌ക്കുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
പമ്പയിലും ശബരിമലയിലുമുള്ള വിവിധ പമ്പ് ഹൗസുകളിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും ഇലക്ട്രോക്ലോറിനേറ്ററിന്റെയും അറ്റകുറ്റപ്പണികളും ആര്‍.ഒ പ്ലാന്റുകളുടെ അറ്റകുറ്റപ്പണികളും തീര്‍ഥാടനത്തിന് മുന്നോടിയായി നടത്തിയിട്ടുണ്ട്. അതോടൊപ്പം വാട്ടര്‍ ഡിസ്‌പെന്‍സറുകളുടെയും (ഹോട്ട്, കോള്‍ഡ്, നോര്‍മല്‍) ടാറ്റ പ്രോജക്ട് സ്ഥാപിച്ച 25 ആര്‍.ഒ പ്ലാന്റുകളുടെയും അറ്റകുറ്റപ്പണികളും നടത്തി.