കാക്കനാട്: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക് ‘ പദ്ധതിക്ക് ജില്ലയിൽ തുടക്കം. സ്കൂളുകളില്‍ നിന്നു വിദ്യാര്‍ത്ഥികളുടെ ചെറുസംഘം അദ്ധ്യാപകരോടൊന്നിച്ച് സ്കൂളിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന ശാസ്ത്ര-കലാ-കായിക-സാഹിത്യരംഗത്തെ പ്രതിഭകളെ സന്ദര്‍ശിച്ച് ആദരവര്‍പ്പിക്കുന്ന പദ്ധതിയാണ് ‘വിദ്യാലയം പ്രതിഭകളിലേക്ക്’. ഈ മാസം 28 വരെ നീളുന്ന പദ്ധതിക്ക് ശിശുദിനത്തിൽ ജില്ലയിലെ സ്കൂളുകളിൽ തുടക്കം കുറിച്ചു. കുട്ടികൾക്ക് പാഠപുസ്തകത്തിന് പുറത്തുള്ള പുതിയ അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി വിദ്യാലയ പരിസരത്തുള്ള പ്രതിഭകളെ കുട്ടികൾ ആദരിക്കും. സ്കൂളിലെ ജൈവ ഉദ്യാനത്തിൽ നിന്നുള്ള പൂവാണ് വിദ്യാർത്ഥികൾ സന്ദർശിക്കുന്ന പ്രമുഖ വ്യക്തിക്ക് ഉപഹാരമായി നൽകുന്നത്. കൂടാതെ ഇവരുമായി വിദ്യാർത്ഥികൾ സംവദിക്കും. ഐ.റ്റി അറ്റ് സ്കൂളിന്റെ സഹകരണത്തോടെ ഇത് ഡോക്യുമെന്റാക്കും. ഉപജില്ല – ജില്ലാ – സംസ്ഥാന തലങ്ങളിൽ മികച്ച ഡോക്യുമെൻറിന് സമ്മാനങ്ങളും നൽകും. ഈ മാസം 28 നകം ജില്ലയിലെ 858 വിദ്യാലയങ്ങളിലും പരിപാടി പൂർത്തിയാക്കും.