ശിശുദിനത്തില്‍ ചൈല്‍ഡ് ലൈന്‍ സേ ദോസ്തി ക്യാംപയിനിന്റെ ഭാഗമായി വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ത്ഥി കേഡറ്റുകള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ കലക്ട്രേറ്റിലെത്തി. കലക്ടര്‍ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും 30 മിനുട്ട് നേരം കലക്ടറെ അടുത്തുകിട്ടിയ അവസരം കുട്ടികള്‍ പാഴാക്കിയില്ല. ചോദ്യങ്ങളും സംശയങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം കലക്ടറോട് പേടിയേതും കൂടാതെ കുട്ടികള്‍ തുറന്നു പറഞ്ഞു.
സാറിന്റെ കരിയറില്‍ ഏറ്റവും ഓര്‍ത്തിരിക്കുന്ന അനുഭവം ഏതാണെന്ന ചോദ്യത്തിന് ഓരോ ദിവസവും ഒരുപാട് അനുഭവങ്ങള്‍ നല്‍കുന്നുണ്ടെന്നും അതെല്ലാം താന്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും കലക്ടര്‍ മറുപടി പറഞ്ഞു. മോഡല്‍ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ആ ശ്രമവും മികച്ച അനുഭവമാണ്.
സാറിന് ചെറുപ്പം മുതല്‍ സിവില്‍ സര്‍വ്വീസ് ആഗ്രഹമുണ്ടായിരുന്നോ എന്ന കുട്ടികളുടെ ചോദ്യത്തിന് തെല്ലും ആശങ്കയില്ലാതെ കലക്ടര്‍ മറുപടി നല്‍കി. ആത്മവിശ്വാസം കൈമുതലാക്കിയാണ് പരീക്ഷ എഴുതിയത്. എന്റെ ജീവിതം സിവില്‍ സര്‍വ്വീസിന് വേണ്ടിയാണെന്നുള്ള നിശ്ചയദാര്‍ഢ്യമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്. ആഗ്രഹവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും.

ശുചിത്വബോധമുള്ളവരായിരിക്കണം വിദ്യാര്‍ത്ഥികള്‍. മികച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കണം ഇതെല്ലാം ഭാവിയില്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളെ കരുത്താക്കി മാറ്റണമെന്നും കുട്ടികളോട് കലക്ടര്‍ പറഞ്ഞു. റിപബ്ലിക് പരേഡ് കാണണമെന്ന കുട്ടികളുടെ ആഗ്രഹം അവര്‍ തുറന്നു പറഞ്ഞപ്പോള്‍ ശ്രമിക്കാമെന്ന വാക്കും നല്‍കിയാണ് കുട്ടികളെ തിരികെ വിട്ടത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നായി 32 കുട്ടികളാണ് കലക്ടറെ കാണാനെത്തിയത്.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദേശീയപദ്ധതിയായ ചൈല്‍ഡ്‌ലൈനിന്റെ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ശിശുദിന ക്യാമ്പയിനാണ് ചൈല്‍ഡ് ലൈന്‍ സേ ദോസ്തി. വിവിധ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഫറോക് കോളേജ് പ്രിന്‍സിപ്പാളും ചൈല്‍ഡ്‌ലൈന്‍ ഡയറക്ടറുമായ ഡോ.കെ.എം നസീര്‍, ജില്ലാലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എ.വി ഉണ്ണികൃഷ്ണന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടകക്ഷന്‍ ഓഫീസര്‍ കെ.എം നസീര്‍, ജുവൈനല്‍ വിംഗ് സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.