ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവസാനഘട്ട തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ വകുപ്പുകളുടേയും ഇതുവരെയുള്ള തയ്യാറെടുപ്പുകള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവസാനഘട്ട അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഇന്ന്(16) രാവിലെ 11 മുതല്‍ നിലയ്ക്കല്‍ നിന്നും തീര്‍ഥാടകരെ പമ്പയിലേക്കും അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ സന്നിധാനത്തേക്കും കയറ്റിവിടും. ഗതാഗതം സുഗമമാക്കുന്നതിന് തീര്‍ഥാടകര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രമേ അനുവദിക്കു. അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളിലാകും പമ്പയിലേക്ക് തീര്‍ഥാടകരെ അയക്കുന്നത്. നിലയ്ക്കലില്‍ നിലവിലുള്ള 16 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി 9000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി 20,000 അധികം ചതുശ്ര മീറ്റര്‍ വിസ്തൃതിയിലും പാര്‍ക്കിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഇവിടെ ആവശ്യമായ ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി
വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. സൂചനാ ബോര്‍ഡുകളും മാര്‍ക്കിംഗും റിഫ്‌ളക്ടര്‍ ഉള്‍പ്പെടെയുള്ള അവസാനഘട്ട പണികളാണ് നടക്കുന്നത്.
പമ്പ മുതല്‍ സന്നിധാനം വരെ 
16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും ഏകോപനത്തിനുമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമായി.  പമ്പ മുതല്‍ സന്നിധാനം വരെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കും. സന്നിധാനത്ത് വനം വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പില്‍ നിന്ന് 800 പേര്‍
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 800 പേരെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും പത്തു വീതവും അപ്പാച്ചിമേട്, നീലിമല, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആറു വീതവും ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്‌ലാബിന്റെയും കാര്‍ഡിയോളജിസ്റ്റിന്റെയും സേവനവും ലഭിക്കും. ഇതിനു പുറമേ മറ്റ് എല്ലാ സ്ഥലങ്ങളിലും ഫിസിഷ്യന്‍മാരുടെയും അസ്ഥിരോഗ വിദഗ്ധരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ശബരിമല വാര്‍ഡ് പ്രവര്‍ത്തിക്കും. പന്തളം വലിയകോയിക്കല്‍ താത്ക്കാലിക ആശുപത്രിയും സജ്ജമായി. ഇവിടെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഒ.പി തുറന്നു പ്രവര്‍ത്തിക്കും. രണ്ടു ഷിഫ്റ്റുകളിലായി ഡോക്ടറുടെ സേവനവും ലഭിക്കും.  ആംബുലന്‍സ് സൗകര്യവും 24 മണിക്കൂറും ഉണ്ടാകും.  ആംബുലന്‍സ്, സ്ട്രെച്ചര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ എരുമേലി മുതല്‍ സന്നിധാനം വരെ ലഭ്യമാണ്.