കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായി നിയമ അധികാരം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ലോകായുക്ത ദിനാഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
കുരയ്ക്കാനറിയുന്ന എന്നാൽ കടിക്കാനറിയാത്ത കാവൽ നായയാണ് ഓംബുഡ്‌സ്മാൻ എന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാൽ ആവശ്യമെങ്കിൽ കടിക്കാൻ കഴിയുന്ന അധികാരം കേരളത്തിലെ ലോകായുക്തയ്ക്ക് നൽകിയിട്ടുണ്ട്.
അതേസമയം ചിലരെങ്കിലും ഈ സംവിധാനത്തെ ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ഇക്കാര്യം ലോകായുക്ത തികഞ്ഞ ജാഗ്രതയോടെ പരിശോധിക്കണം. ആവശ്യമായ നിയമഭേദഗതി വേണ്ടതുണ്ടോയെന്ന് ചർച്ച ചെയ്യണം. അഴിമതിക്കും ദുർഭരണത്തിനും വിരുദ്ധമായ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ലോകായുക്ത.
ഒരു ദിവസത്തെ ആഘോഷം കൊണ്ടു നിറുത്താതെ സെമിനാറുകളും ബോധവത്കരണ പരിപാടികളും മറ്റു ജില്ലകളിലും സംഘടിപ്പിക്കണം. അതിന് സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാവും. ലോകായുക്ത നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാരിന് ബോധ്യമുണ്ട്. ഇതിനുള്ള പരിഹാര നടപടി സർക്കാർ സ്വീകരിക്കും.
കലുങ്ക് നിർമാണം മുതൽ പ്രതിരോധ കരാറിൽ വരെ അഴിമതിയും ദല്ലാൾ കമ്മീഷനും സംഭവിക്കുന്നതായി ശക്തമായ ആരോപണമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് നിലവിലെ നിയമത്തിന് മൂർച്ചയും കാർക്കശ്യവും വരുത്തിയാണ് ലോക്പാലും ലോകായുക്തയും സാധ്യമാക്കിയത്. അഴിമതിക്കും ദുർഭരണത്തിനും എതിരായി ഫലപ്രദമായ സംവിധാനം ഉണ്ടാവുന്നതിൽ അധികാരത്തിന് ചുക്കാൻ പിടിച്ചവർക്ക് താത്പര്യമുണ്ടായിരുന്നില്ല.
പരാജയപ്പെട്ട പത്തിലധികം ശ്രമങ്ങൾക്കുശേഷമാണ് ലോക്പാൽ രാജ്യത്ത് നിലവിൽ വന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോകായുക്ത ഇപ്പോഴുമില്ല. അതേസമയം കേരളത്തിൽ 1998 നവംബർ 15ന് ലോകായുക്ത നിലവിൽ വന്നു. നിരവധി ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കേരളത്തിലെ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാധാരണ രീതിയിൽ ജുഡീഷ്യൽ പരിഹാരം കാണാനുള്ള ചെലവും കാലതാമസവും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കും. കാലതാമസമില്ലാതെ വേഗത്തിൽ നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഓംബുഡ്‌സ്മാന് പിന്നിലുള്ളത്.
സാമൂഹ്യനീതി നിർവഹണ രംഗത്ത് പ്രമുഖ സ്ഥാനമുള്ള അയ്യങ്കാളിയുടെ സ്മരണ പേറുന്ന ഹാളിൽ വച്ച് ചടങ്ങ് സംഘടിപ്പിച്ചു എന്ന പ്രത്യേകതയുണ്ട്. സുതാര്യവും ശുദ്ധവുമായ ഭരണസംവിധാനം ഉറപ്പാക്കുകയായിരുന്നു ദേശീയ സ്വാതന്ത്ര്യ, നവോത്ഥാന പ്രസ്ഥാനങ്ങളുടെ മഹത്തായ സ്വപ്‌നം. ബ്രിട്ടീഷ് ഭരണത്തിനു ശേഷം സുതാര്യതയും ശുദ്ധിയും പ്രതീക്ഷിച്ചെങ്കിലും അഴിമതിയും സ്വജനപക്ഷപാതവും വ്യാപിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ ചിന്താഗതിയിൽ വലിയ മാറ്റം ഉണ്ടാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ലോക്പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകിചന്ദ്ര ഘോഷ് പറഞ്ഞു. ഇന്ത്യയിൽ സദാചാരത്തിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. പണ്ട് കൂടെപഠിക്കുന്ന കുട്ടിക്ക് തന്റെ നോട്ടുബുക്കുകൾ നൽകും. ഇന്ന് അങ്ങനെ നൽകുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല. ആ കുട്ടി തന്റെ മകനേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയാലോയെന്നാണ് ചിന്ത. എന്നാൽ ഒരാളുടെ വ്യക്തിത്വത്തെ മാറ്റാനാവില്ലെന്ന് മനസിലാക്കണം. ഭാവിയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലോക്പാലിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപലോകായുക്തമാരായ ജസ്റ്റിസ് എ.കെ. ബഷീർ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, അഡ്വക്കേറ്റ് ജനറൽ സി. പി. സുധാകരപ്രസാദ്, ലോകായുക്ത സ്‌പെഷ്യൽ അറ്റോർണി അഡ്വ. സി. ശ്രീധരൻ നായർ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. പി. ജയചന്ദ്രൻ, രജിസ്ട്രാർ ജി. അനിൽകുമാർ, കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ പി. ശശിധരൻ നായർ എന്നിവർ സംബന്ധിച്ചു.