നേത്രരോഗ ചികിത്സക്കായി കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വിഷന്‍ സെന്റര്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശങ്ങളിലും നേത്രരോഗ ചികിത്സ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഉള്‍പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേത്രരോഗ സെന്ററുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. നസീമ അധ്യക്ഷയായി.
ജില്ലയിലെ ആറാമത്തെ വിഷന്‍ സെന്ററാണ് കൊഴിഞ്ഞാമ്പാറയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. തിമിരം, കാഴ്ചക്കുറവ്, ഗ്ലോക്കോമ എന്നിവ ആരംഭത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കുതിന് സഹായകമാകുന്ന രീതിയിലാണ് വിഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഒപ്‌ടോമെട്രിസ്റ്റ് എ.എന്‍ ദിവ്യയുടെ നേതൃത്വത്തില്‍ എല്ലാ വ്യാഴാഴ്ചയും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് ഒ.പി സമയം. ജില്ലയില്‍ മുതലമട, കിഴക്കഞ്ചേരി, മാത്തൂര്‍, തൃത്താല, തിരുവേഗപ്പുറ എന്നിവിടങ്ങളിലാണ് നിലവില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ തരത്തിലുള്ള പകരുന്ന നേത്രരോഗങ്ങള്‍, കണ്ണിലെ മര്‍ദ വ്യതിയാനം മൂലം ഉണ്ടാകുന്ന ഗ്ലോക്കോമ, അപകടം മൂലം കണ്ണിലുണ്ടാകുന്ന മുറിവുകള്‍ക്കുള്ള ചികിത്സ, കാഴ്ചശക്തി പരിശോധന, തിമിര രോഗ നിര്‍ണയം നടത്താനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കാഴ്ചക്കുറവ് പരിഹരിക്കുന്നതിനുള്ള കണ്ണടകള്‍ വിവിധ സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി ലഭിക്കും.
ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യും. കൂടാതെ സമീപപ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കാഴ്ച വൈകല്യം നേരിടുന്ന കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി സൗജന്യമായി കണ്ണടകള്‍ നല്‍കും. നേത്രരോഗങ്ങള്‍, നേത്ര പരിചരണം സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ്സുകളും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തും. സൗകര്യപ്രദമായ ഇടങ്ങളില്‍ നേത്രരോഗ ക്യാമ്പുകളും സംഘടിപ്പിക്കും. കാഴ്ചശക്തി പരിശോധിക്കുന്നതിനുള്ള ട്രയല്‍ ടെസ്റ്റര്‍, ഇല്യൂമിനേറ്റഡ് വിഷന്‍ ഡ്രം, കണ്ണിലെ മര്‍ദ്ദം അളക്കുന്നതിനുള്ള ഗ്ലൂക്കോമ ടെസ്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളും വിഷന്‍ സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ട്. സാമൂഹികാരോഗ്യേ കേന്ദ്രത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ ഒരു ലക്ഷം ചെലവഴിച്ചാണ് വിഷന്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.
പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. സെല്‍വരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയ സുരേഷ്, വിമോചിനി, കൊഴിഞ്ഞാമ്പാറ ഡിവിഷന്‍ മെമ്പര്‍ എന്‍. കെ. മണികുമാര്‍, എച്ച്.എം.സി അംഗങ്ങള്‍, ജില്ലാ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. സുമിത്ര, അസി.സര്‍ജന്‍ ബിബിന്‍ ചാക്കോ, നഴ്‌സിങ് സൂപ്രണ്ട് പി.പി. അനിത, ജില്ലാ ക്യാമ്പ് കോഡിനേറ്റര്‍ ഷാമി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.