* 900 വിശുദ്ധി സേനാംഗങ്ങള്‍ 
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതിക്കോവിലിനോട് ചേര്‍ന്നുള്ള ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടന്നത്.
വിശുദ്ധി സേനാംഗങ്ങള്‍ എല്ലാവരും അയ്യപ്പന്റെ അതിഥികളാണെന്നും സേനാംഗങ്ങളുടെ കഷ്ടപ്പാടിന്റെ ഫലമായാണ് അയ്യന്റെ പൂങ്കാവനം ഏറ്റവും ഭംഗിയായി നിലകൊള്ളുന്നതെന്നും അതിന്റെ അര്‍ഹത സേനക്ക്  മാത്രമുള്ളതാണെന്നും കളക്ടര്‍ പറഞ്ഞു. 900 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും.
 സന്നിധാനം 300, പമ്പ 205, നിലയ്ക്കല്‍ 360, പന്തളം 25, കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാംഗങ്ങളുടെ വിന്യാസം. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കും. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.
വിശുദ്ധി സേനക്കാര്‍ക്ക് ഇത്തവണ 425 രൂപ ദിവസ വേതനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും യാത്രാപ്പടിയായി 850 രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വേതനത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്യുന്ന സമൂഹമാണ് വിശുദ്ധി സേനയെന്നും കളക്ടര്‍ പറഞ്ഞു. വിശുദ്ധി സേനാംഗങ്ങള്‍ നല്‍കിയ സ്‌നേഹത്തിനു പകരമായി എല്ലാവരേയും ചേര്‍ത്തു നിര്‍ത്തി  സെല്‍ഫി എടുത്തും ഒരുമിച്ചു ശരണം വിളിച്ചും സ്‌നേഹം തിരിച്ചുനല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 1995 ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. ശബരിമല എഡിഎം:എന്‍.എസ്.കെ ഉമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ പി.എം മനോജ്, അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, ദേവസ്വം ബോര്‍ഡ്  പമ്പ എ.ഒ മധു, അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍, അടൂര്‍ ജൂനിയര്‍ സൂപ്രണ്ട് ഷാലികുമാര്‍, ബാങ്ക് ഓഫ് ബറോഡ പ്രതിനിധി ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.