ഇടുക്കി: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്  മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതിന്  പിന്നാലെ സംഘടിപ്പിച്ച ഉടുമ്പന്‍ചോല  നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ വേദി ഭിന്നശേഷി ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. നെടുംകണ്ടം പഞ്ചായത്തു  കമ്യുണിറ്റി ഹാളില്‍ നടത്തിയ  ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണ പദ്ധതി ‘ശുഭയാത്ര’യുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു.
സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാർക്കായി മെച്ചപ്പെട്ട വിദ്യാഭ്യാസ ആനുകുല്യങ്ങൾ, സഹായ ഉപകരണങ്ങൾ, പുനരധിവാസ സംരംഭങ്ങൾ എന്നിവക്കൊപ്പം പി.എസ്.സി നിയമനങ്ങൾക്ക്  4 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകി സമൂഹവും സർക്കാറും ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.  മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ നിന്ന്  369 പേര്‍ക്കാണ് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
 മാര്‍ച്ച് രണ്ടിന് നടത്തിയ പരിശോധനാ ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗുണഭോക്താക്കള്‍. മൂന്ന്ചക്ര സ്കൂട്ടർ, മോട്ടോറൈസ്ഡ് വീല്‍ചെയര്‍,  ഓര്‍ത്തോ കിറ്റുകള്‍, ചക്രകസേരകൾ, ശ്രവണ സഹായി, ഊന്നുവടി എന്നിങ്ങനെ 40 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.      നെടുംകണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം യോഗത്തിന്റെ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം നിർമ്മല നന്ദകുമാർ, മോളി മൈക്കിൾ,  വനം വികസന കോർപ്പറേഷൻ ഡയറക്ടർ പി എൻ വിജയൻ, നെടുങ്കണ്ടം താലൂക്ക്   ആശുപത്രി വികസന സമിതി അംഗം ടി.എം ജോൺ, സഹകരണ ബാങ്ക് ഡയറക്ടർ എസ്. മനോജ് വികലാംഗക്ഷേമ കോർപ്പറേഷൻ എം.ഡി കെ.മൊയ്തീൻ കുട്ടി, നെടുംങ്കണ്ടം സി.ഡി.പി.ഒ ഗീത എം.ജി, ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.