ന്യൂഡല്‍ഹി: ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തന മികവിനുള്ള ദേശീയ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് ഐ.ഐ.ടി.എഫിലെ കേരള പവലിയനും. പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍ സന്ദര്‍ശിക്കാനെത്തിയ ചാണക്യപുരി എം.സി.ഡി സ്‌കൂള്‍ അധ്യാപികയും ഭിന്നശേഷി വിഭാഗത്തില്‍പെടുന്നയാളുമായ രേണുവിന്റെ സാന്നിധ്യമാണ് ആഘോഷത്തിന് പകിട്ട് പകര്‍ന്നത്. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കേരളക്കാഴ്ചകള്‍ കാണാനെത്തിയതായിരുന്നു അവര്‍. രണ്ടരവയസ്സുകാരി മകള്‍ ഷാല്‍വിക്ക് കേരള ഹല്‍വയുടെ മധുരം നല്‍കിക്കൊണ്ടാണ് രേണു ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
ഒന്നാം വയസ്സില്‍ പോളിയോ ബാധിച്ചെങ്കിലും സ്വപ്രയത്‌നം കൊണ്ട് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും പടവുകള്‍ കയറാനായ തനിക്ക് ഭര്‍ത്താവ് സന്ദീപ് കുമാറിന്റെയും കുടുംബത്തിന്റെയും പിന്തുണ പ്രചോദനമായിട്ടുണ്ട്. കേരളമെന്ന സംസ്ഥാനം ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന പരിഗണനയും സംരക്ഷണവും ഇതുപോലെ ആശ്വാസം പകരുന്നതാവുമെന്ന് രേണു പറഞ്ഞു. പവലിയനില്‍ നടക്കുന്ന ആഘോഷം ഭിന്നശേഷിക്കാരായ മുഴുവന്‍ പേര്‍ക്കും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാന്‍ പ്രേരകമാകട്ടെ. മലയാളികളായ അയല്‍ക്കാരുമായി സൗഹൃദത്തിലാണെന്നും കേരളം സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഘോഷ ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ സി. അജോയ്, കിരണ്‍ റാം, സുനില്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാര്‍ക്കായി 2018 – 19 വര്‍ഷങ്ങളില്‍ നടത്തിയ ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും.