ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മാസ പൂജ സമയം ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ പമ്പയില്‍ എത്തി ആളെ ഇറക്കി മടങ്ങാന്‍ സൗകര്യം നല്‍കിയിരുന്നു.
മാസപൂജ സമയത്ത് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ചെറിയ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിട്ടതെന്നും മന്ത്രി പറഞ്ഞു.

പമ്പ നിലയ്ക്കല്‍ റൂട്ടില്‍ പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കുമായി പ്രത്യേക ബസ് സര്‍വീസ് നടത്തും. ചെയിന്‍ സര്‍വീസ് ബസുകളില്‍ ടിക്കറ്റ് നല്‍കുന്നതിന് കണ്ടക്ടര്‍മാരെ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് ബസില്‍ കയറുന്നതിന് ക്യു സംവിധാനം നടപ്പാക്കും. തീര്‍ഥാടന കാലം കുറ്റമറ്റതരത്തില്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പും പൂര്‍ത്തിയായി. എല്ലാ ആശങ്കകളും ഒഴിഞ്ഞുള്ള മണ്ഡലകാലത്തിനാണ് തുടക്കമായിട്ടുള്ളത്. ആഹ്‌ളാദത്തോടെ, ഭയാശങ്ക ഇല്ലാത്ത ഭക്തരുടെ മുഖമാണ് കാണാന്‍ സാധിച്ചത്.

വൃശ്ചികം ഒന്നിന് മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ വരവില്‍ വലിയ വര്‍ധനയാണുള്ളത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ എല്ലാം പരിശോധിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ അവശേഷിക്കുന്നവ കൂടി പൂര്‍ത്തീകരിക്കും. ശബരിമല തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്ര തീര്‍ഥാടകര്‍ വന്നാലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. നിലയ്ക്കല്‍ വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.

പോലീസ്, ഗതാഗത വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ താമസ സൗകര്യം ഒരുക്കി നല്‍കി. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കി. ആരോഗ്യ വകുപ്പിന്റെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ വരും ദിവസം പൂര്‍ണതോതിലാകും. സന്നിധാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് പുതിയ ലാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആരംഭിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം 99 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

അവശേഷിക്കുന്നവ നാലു ദിവസത്തിനകം പൂര്‍ത്തിയാക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍  ശുചീകരണത്തിനായി ജില്ലാ ഭരണകൂടം 900 വിശുദ്ധി സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 33000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപത്തില്‍  സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ അയ്യപ്പ സേവാ സംഘവും അയ്യപ്പ സേവാ സമാജവും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. കൂടുതല്‍ പേര്‍ എത്തിയാല്‍ അതിന് അനുസരിച്ച് ഭക്ഷണം തയാറാക്കി നല്‍കും.

കഴിഞ്ഞ ഓഗസ്റ്റ് മാസം തന്നെ തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിരുന്നു. എല്ലാ പ്രധാന ഇടത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും ദേവസ്വം മന്ത്രി അവലോകന യോഗങ്ങള്‍ വിളിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചിരുന്നു. ഇതില്‍ ഹരിത ചട്ടം പാലിച്ച് തീര്‍ഥാടനം നടത്താനും പ്ലാസ്റ്റിക് രഹിത ശബരിമല എന്ന ലക്ഷ്യം നേടുന്നതിന് പ്രവര്‍ത്തിക്കുന്നതിനും യോഗം തീരുമാനിച്ചിരുന്നു.

പമ്പ, ചെങ്ങന്നൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം തുണി സഞ്ചികള്‍ തീര്‍ഥാടകര്‍ക്ക് നല്‍കും. ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിനായി നടപ്പാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലമാക്കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിന് ശബരിമല എ ഡി എം എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും. എല്ലാ ദിവസവും രാവിലെ വകുപ്പ് തലവന്മാരുടെ യോഗം ചേരും.

ശബരിമലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. മണ്ഡലകാലം വിജയകരമായിരിക്കും. ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സഹായം തീര്‍ഥാടകരില്‍ നിന്നു ലഭിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എം എല്‍ എ മാരായ രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍,  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെമ്പര്‍മാരായ അഡ്വ. എന്‍. വിജയകുമാര്‍, കെ.എസ്. രവി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.