പത്തനംതിട്ട: കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍ തന്നെ ആകട്ടെ എന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘സുരക്ഷിത ബാല്യം’ എന്ന ആശയം മുന്‍ നിര്‍ത്തി പത്തനംതിട്ട ചൈല്‍ഡ് ലൈന്‍ നടത്തിയ റണ്‍ ഫോര്‍ സേഫ് ചൈല്‍ഡ്ഹുഡ് മാരത്തോണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഭരണകൂടം, സംസ്ഥാന നിയമ സേവന അതോറിട്ടി, പോലീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാരത്തോണ്‍ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തോണ്‍ പ്രസ് ക്ലബില്‍ അവസാനിച്ചു.
പത്തനംതിട്ട ചൈല്‍ഡ് ലൈന്‍ സ്റ്റാഫ് അംഗങ്ങള്‍, പാരാലീഗല്‍ വോളന്റിയേഴ്സ്, പോലീസ് സേനാംഗങ്ങള്‍, കാതോലിക്കേറ്റ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ്, പ്രതിഭാ കോളേജ്, കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിവര്‍ മാരത്തോണില്‍ പങ്കെടുത്തു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി.ആര്‍ ബില്‍കുല്‍ മുഖ്യപ്രഭാഷണം നടത്തി. സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ഡിവൈ.എസ്.പി:ആര്‍.പ്രദീപ് കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡേവിസ് റെജി മാത്യു, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, എം.എം.എന്‍.എസ്.എസ്. കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി സി.വര്‍ഗീസ്, പ്രതിഭാ കോളേജ് പ്രിന്‍സിപ്പാള്‍ കെ.ആര്‍ അശോക് കുമാര്‍ സംസാരിച്ചു.