സഹകരണപ്രസ്ഥാനത്തിന്റേത് ജനകീയമൂലധന ബദലുയർത്തിയുള്ള പോരാട്ടം- മന്ത്രി സി. രവീന്ദ്രനാഥ്
ധനമൂലധനശക്തികൾക്കെതിരെ ജനകീയമൂലധനമെന്ന ബദലുയർത്തിയുള്ള പോരാട്ടമാണ് സഹകരണപ്രസ്ഥാനം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പറഞ്ഞു. 66 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ജനങ്ങളുടെ മനസിൽ സഹകരണമേഖല ജ്വലിച്ചുനിൽക്കുകയാണ്. നവകേരളനിർമാണത്തിൽ സഹകരണപ്രസ്ഥാനത്തിന്റെ ഇടപെടൽ ആഴത്തിൽ തിരിച്ചറിയാനാകണം. ലോകത്ത് എല്ലായിടത്തും സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നു. നവലിബറൽ സാമ്പത്തിക വക്താക്കൾ വരെ ഇതംഗീകരിക്കുന്നു. ധനികർ കൂടുതൽ ധനികരാകുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം അസമത്വം വർധിക്കുന്നതാണ് കാരണം. മനുഷ്യവികസന സൂചികയിലും ദാരിദ്ര്യനിർമ്മാർജ്ജനത്തിലും ഇന്ത്യ പിന്നിലേക്ക് പോകുകയാണ്. നവലിബറൽ നയങ്ങളാണ് ഇതിന് കാരണം. ധനികർക്ക് വിഹരിക്കാവുന്ന മേഖലകൾ വർധിച്ച് ധനമൂലധനത്തിന്റെ സർവാധിപത്യമാണ് പ്രശ്നം. ബാങ്കുകളുടെ തകർച്ചയ്ക്കും ലയനങ്ങൾക്കും ഒക്കെ കാരണമതാണ്.
ഏറ്റവും വിഭവശേഷിയുള്ള രാജ്യമായ ഇന്ത്യയിൽ ഉത്പാദനമേഖലകളിൽ ജനങ്ങളെ കൂടി ഉൾക്കൊള്ളിച്ചുള്ള ഇടപെടലിന് ശ്രമമുണ്ടായാൽ പല പ്രശ്നങ്ങളും പരിഹരിക്കാനാകും. ഇവിടെയാണ് കിഫ്ബി പോലുള്ള ഇടപെടലുകൾ ബദലാകുന്നത് സമ്പദ്ഘടനയെ വികസനകാര്യങ്ങൾക്കായി ഉപയോഗിക്കാൻ ഇതിലൂടെ കഴിയും. സഹകരണപ്രസ്ഥാനങ്ങൾക്ക് മണ്ണിൽ വേരുള്ള ജനകീയ മൂലധനത്തിലൂടെ മൂലധനശക്തികളെ പ്രതിരോധിക്കാകും. ഇത് ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണമേഖലയെ ആധുനികവത്കരിക്കുകയെന്നത് കാലഘട്ടത്തിന്റെ ദൗത്യമാണെന്നും കേരള ബാങ്ക് ഉടൻ യാഥാർഥ്യമാകുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ സഹകരണസംഘങ്ങൾ ദേശസാത്കൃത ബാങ്കുകളോട് കിടപിടിക്കുന്നവയാണ്. യുവാക്കൾ ഉൾപ്പെടെയുള്ളവരെ കൂടുതൽ ആകർഷിക്കാൻ കഴിയുന്ന സേവനം നൽകാനാകണം.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ ബദൽ ഉയർത്തുക എന്നത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങൾ മുൻനിർത്തിയാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. എല്ലാ ബാങ്കിംഗ് സൗകര്യങ്ങളും നൽകാനാവുന്ന നേതൃത്വം നൽകാനാണിത്. പ്രാഥമിക സഹകരണ സംഘങ്ങളെയല്ല, ജില്ലാ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്. സഹകരണചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി മാത്രമേ കേരള ബാങ്കും പ്രവർത്തിക്കൂ. റിസർവ് ബാങ്കും അതാണ് നിർദേശിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഘടനയിൽ മാറ്റം വരില്ല. അനാവശ്യമായ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അനാവശ്യപ്രതിഷേധങ്ങളും കേസുകളും കാരണം കാലതാമസമുണ്ടായെങ്കിലും ദിവസങ്ങൾക്കുള്ളിൽ കേരളബാങ്ക് യാഥാർഥ്യമാകും. സഹകരണമേഖലയുടെ വിപുലീകരണം മാത്രമാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയർ കെ. ശ്രീകുമാർ, വി.ജോയ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സഹകരണ രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ, ഉദ്യോഗസ്ഥർ, സഹകാരികൾ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ സ്വാഗതവും സഹകരണ യൂണിയൻ സെക്രട്ടറി ടി. പത്മകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ‘കേരള ബാങ്കും സഹകരണ പ്രസ്ഥാനവും’ എന്ന വിഷയത്തിൽ സെമിനാറും നടത്തി. നവംബർ 14ന് ഇടുക്കിയിൽ ആരംഭിച്ച വാരാഘോഷത്തിനാണ് സമാപനമായത്.