കാസ്പ് ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് ഹൃദ്രോഗ ചികിത്സ സൗജന്യം; 
കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആഞ്ചിയോഗ്രാമിന് 5,000 രൂപയും 
ആഞ്ചിയോപ്ലാസ്റ്റി സ്റ്റെന്റിങ്ങിന് 65,000 രൂപയും മാത്രം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പുതുക്കിയ ഹൃദ്രോഗ വിഭാഗം അത്യാധുനീക സംവിധാനത്തോടെ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. പുതിയതായി തുടങ്ങുന്ന കാര്‍ഡിയാക് കെയര്‍ യൂണിറ്റില്‍ (സി.സി.യു.) അഞ്ചു ബെഡുകള്‍, ഐ.സി.യു സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.  രണ്ടു ഹൃദ്രോഗ വിഭാഗ ഡോക്ടര്‍മാരും രണ്ടു നഴ്സുമാരും ഒരു ടെക്നീഷ്യനുമടങ്ങുന്ന സംഘമാണ് കാര്‍ഡിയാക് കെയര്‍ യൂണിറ്റിലുള്ളത്.
ഹൃദ്രോഗ നിര്‍ണയത്തിനായുള്ള കാത്ത്ലാബ് സൗകര്യങ്ങള്‍ 10 മാസമായി ഇവിടെ ലഭ്യമാണ്. ഹൃദ്രോഗവിഭാഗവും കാത്ത്ലാബും നിലവില്‍ വന്നപ്പോള്‍ നാലു ബെഡുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിനിടെ ഹൃദ്രോഗ  ചികിത്സയായ 300 ആഞ്ചിയോഗ്രാമും 50 ആഞ്ചിയോപ്ലാസ്റ്റിയും നടന്നിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കി കൊടുത്ത കാസ്പ്(സി.എ.എസ്.പി)ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് ഹൃദ്രോഗ ചികിത്സ സൗജന്യമാണ്. കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആഞ്ചിയോഗ്രാമിന് 5,000 രൂപയും
ആഞ്ചിയോപ്ലാസ്റ്റി സ്റ്റെന്റിങ്ങിന് 65,000 രൂപയും മാത്രമാണ്  ചികിത്സാ തുക. സ്വകാര്യ ആശുപത്രികളില്‍ ആഞ്ചിയോഗ്രാമിന് 10,000 മുതല്‍ 15,000 വരെയും ആഞ്ചിയോപ്ലാസ്റ്റി സ്റ്റെന്റിങ്ങിന് കുറഞ്ഞത് ഒരു ലക്ഷം രൂപയുമാണ് ചിലവ്.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ കാത്ത്‌ലാബില്‍ ഒ.പി സൗകര്യമുണ്ട്. ബുധന്‍, ശനി ദിവസങ്ങളില്‍ എക്കോ ചികിത്സയും ചൊവ്വ, വെള്ളി ദിവസങ്ങളിലായി ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി എന്നീ സൗകര്യങ്ങളുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ എല്ലാ ദിവസങ്ങളിലും ഒ.പി, എക്കോ, ആഞ്ചിയോഗ്രാം, ആഞ്ചിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സകള്‍ ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്നും എട്ടു കോടി രൂപ വീതം മുടക്കി പത്തു ജില്ലകളിലായി കാത്ത്ലാബുകള്‍ നിര്‍മിച്ചതില്‍ ആദ്യത്തെ കാത്ത്ലാബാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്.