നവകേരള നിർമാണത്തിന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർവീസിലെ മുതിർന്ന എൻജിനിയർമാരും വിരമിച്ച എൻജിനിയർമാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാന കുടിവെള്ള വിതരണ പദ്ധതികൾ തമ്മിൽ ബന്ധിപ്പിക്കണമെന്നും ഒരു പദ്ധതിക്ക് വ്യത്യസ്ത ഉറവിടങ്ങൾ ഉണ്ടാവണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. പ്രളയം പോലെയുള്ള ദുരന്ത വേളകളിൽ കുടിവെള്ള വിതരണം തടസമില്ലാതെ നടത്തുന്നതിന് ഇത് അത്യാവശ്യമാണ്. പദ്ധതി ആവിഷ്‌കരിക്കുമ്പോൾ തന്നെ വ്യത്യസ്ത ഉറവിടം ഉറപ്പാക്കണം. ഡാമുകൾ കേന്ദ്രീകരിച്ചുള്ള ജലവിതരണ പദ്ധതികൾ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ടായി.

പ്രളയ സാഹചര്യത്തിൽ കനാലുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കേണ്ടതുണ്ട്. നിലവിൽ സംസ്ഥാനത്തിന്റെ പക്കലുള്ളത് വലിയ ഡ്രേഡ്ജറുകളാണ്. കനാൽ വൃത്തിയാക്കാൻ ചെറിയ ഡ്രെഡ്ജറുകൾ ആവശ്യമാണ്. നിർമാണ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ കാലാവസ്ഥയും പരിഗണിക്കണം. പദ്ധതി പുരോഗമിക്കുന്നതിനിടെ കൃത്യമായ പരിശോധനയും ഉണ്ടാവണം. സോളാർ പദ്ധതി വിപുലമാക്കാനുള്ള നിർദ്ദേശങ്ങൾ യോഗത്തിലുയർന്നു. റോഡ് സുരക്ഷ ഓഡിറ്റ് നിർബന്ധമാക്കണമെന്നും എൻജിനിയമാർ അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, പ്രിൻസിപ്പൽ സെക്രട്ടറി ആർ. കെ. സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.