പ്ലാസ്റ്റിക് ഒരു കാരണവശാലും ശബരിമലയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു. ശബരിമല സന്നിധാനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയില്‍ ഉന്നതാധികാര സമിതി ചെയര്‍മാന്‍  ജസ്റ്റിസ് സിരിജഗന് ഒപ്പം പങ്കാളിയായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള പരിശ്രമത്തില്‍ എല്ലാ ഭക്തരും പങ്കാളികളാകണം. കെട്ട് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് വരുന്നത്. കുങ്കുമം, മഞ്ഞള്‍പ്പൊടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു കൊണ്ടുവരാതിരിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണം. കടകളില്‍ നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സാധനങ്ങള്‍ വാങ്ങില്ല എന്നു വരുമ്പോള്‍ അവര്‍ അതു സ്‌റ്റോക്ക് ചെയ്യില്ല. സാധനങ്ങള്‍ കടലാസില്‍ പൊതിയുന്നത് അനുയോജ്യമായിരിക്കും.

കടലാസില്‍ പൊതിഞ്ഞാല്‍ പ്ലാസ്റ്റിക് ശബരിമലയില്‍ വരുന്നത് ഒഴിവാക്കാം. ശബരിമല വനപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞു കൂടുമ്പോള്‍ സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈശ്വരനെ ഭജിക്കുന്ന എല്ലാവരും പ്രകൃതിയെയും ബഹുമാനിക്കണമെന്നും ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു.

പുണ്യം പൂങ്കാവനം ശുചീകരണത്തിന്റെ ഭാഗമായി തിരുമുറ്റത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. വിശുദ്ധിസേന, അയ്യപ്പസേവാസംഘം എന്നിവയിലെയും എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, പോലീസ്, എക്‌സൈസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ശുചീകരണത്തില്‍ പങ്കാളികളായി.