പത്തനംതിട്ട: ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോസ്റ്റലില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പരിശോധന നടത്തി. റാന്നി ട്രൈബല്‍ വകുപ്പിന് കീഴിലുള്ള അത്തിക്കയം-കടുമീന്‍ചിറ പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലാണ് വ്യാഴാഴ്ച്ച (21/11/19 ) ഉച്ചയ്ക്ക് ജില്ലാ കളക്ടറും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും  ചേര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
12 കുട്ടികളെ സംരക്ഷിക്കുന്നതിന് അനുമതിയുള്ള അത്തിക്കയം-കടുമീന്‍ചിറ പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലില്‍ നിലവില്‍ 24 കുട്ടികളെയാണ് സംരക്ഷിച്ചു വരുന്നത്. ചുറ്റുമതില്‍, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനം, ടോയ്ലറ്റ്, കുടിവെള്ള സൗകര്യം എന്നിവയുടെ അപര്യാപ്തയും ശ്രദ്ധയില്‍പ്പെട്ടു. വിദ്യാര്‍ത്ഥികളുമായി സംസാരിച്ച കളക്ടര്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹോസ്റ്റലിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിന് പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിനും, ഹോസ്റ്റല്‍ നില്‍ക്കുന്ന ഭാഗത്തെ സര്‍വേ നടത്തുന്നതിനായി റാന്നി തഹസില്‍ദാരിനും, ഹോസ്റ്റല്‍ അപാകതകള്‍ സംബന്ധിച്ചുള്ള വിശദീകരണം അടിയന്തരമായി ചെയ്യുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസിനും കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി