മണ്ഡലകാല മകരവിളക്കുല്‍സവത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് നട തുറന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശന സൗഭാഗ്യം തേടിയെത്തിയത് രണ്ടരലക്ഷത്തിലേറെ ഭക്തജനങ്ങള്‍. 12സീറ്റ് വരെയുളള സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാന്‍ തീരുമാനിച്ചതും തീര്‍ത്ഥാടകര്‍ക്ക് അനുഗുണമായെന്ന് വിലയിരുത്തല്‍. ഇന്നും നാളെയും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് ദേവസ്വം അധികൃതരും പോലീസും കരുതുന്നത്. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ദാഹിച്ച് വലയുന്നവര്‍ക്ക് സൗജന്യ ഔഷധകുടിവെള്ള വിതരണം, അന്നദാന മണ്ഡപത്തിലെ അന്നദാനം, സ്‌ട്രെക്ചര്‍ സര്‍വീസ്, സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെ കാര്‍ഡിയോളജി യൂനിറ്റ്, ആയൂര്‍വേദ-ഹോമിയോ ചികില്‍സ സൗകര്യങ്ങള്‍, കര്‍മ്മനിരതരായ വിശുദ്ധി സേനാംഗങ്ങളുടെ ശുചീകരണം, വിരിവെക്കാനുള്ള വിപുലമായ ഇടങ്ങള്‍, നവീകരിച്ച പൊതുശൗചാലയങ്ങള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ വിശദമായ അറിയിപ്പുകളും നിര്‍ദേശങ്ങളും വിവിധ സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.